അവന്‍ അമാനുശികനാണ്, ഈ മൂന്നില്‍ രണ്ട് പേരായിരിക്കും ഫൈനല്‍ കളിക്കുക

Image 3
CricketIPL

കെ നന്ദകുമാര്‍പിള്ള

എന്തൊരാവേശം…എന്തോരുന്മാദം… ഒരു ബ്ലോക്ബസ്റ്റര്‍ സിനിമ കണ്ട പ്രതീതി. തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തിന് ഇങ്ങനെയുള്ള ക്ലൈമാക്‌സ് ആണ് കാവ്യനീതി. ക്രിക്കറ്റ് എന്നത് ഒരു വിനോദമാണ്. കാണികളെ സന്തോഷിപ്പിക്കുക എന്നതാണ് അതിന്റെ അന്തിമലക്ഷ്യം. അക്കാര്യത്തില്‍ ഇന്നത്തെ മത്സരം ഒരു വന്‍വിജയം ആണെന്ന് തന്നെ പറയണം. പക്ഷെ, ചെന്നൈയുടെയും മുംബൈയുടെയും ഡൈ ഹാര്‍ഡ് ഫാന്‍സ് എത്രമാത്രം ടെന്‍ഷന്‍ അടിച്ചിട്ടുണ്ടാകും എന്നേ അറിയാനുള്ളൂ.

പൊള്ളാര്‍ഡ് അമാനുഷികനാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. സാധാരണ മനുഷ്യര്‍ക്ക് അസാധ്യമായത് സാധ്യമാക്കുക എന്നതാണ് അയാളുടെ പ്രധാന ഹോബി. അത് ബൗളിംഗ് ആയാലും ബാറ്റിംഗ് ആയാലും. ചെന്നൈയുടെ നിര്‍ണായകമായ രണ്ടു വിക്കറ്റുകള്‍ എടുത്തത് കൂടാതെ ആ ബാറ്റില്‍ നിന്ന് പിറന്നത് 34 പന്തില്‍ 87 റണ്‍സും. പൊള്ളാര്‍ഡ് ക്രീസിലേക്ക് വരുമ്പോള്‍ മുംബൈക്ക് വേണ്ടത് 62 പന്തില്‍ 138 റണ്‍സ്. ആ റണ്‍ മലയാണ് പൊള്ളാര്‍ഡിന്റെ ബാറ്റിംഗ് കരുത്തില്‍ മുംബൈ ചവിട്ടി കയറിയത്. പാണ്ട്യ സഹോദരങ്ങളും ചെറിയ രീതിയില്‍ സംഭാവന നല്‍കി എന്നത് മറക്കുന്നില്ല.

ഇപ്പൊ ചെന്നൈയുടെ കളിയില്‍ ഏറ്റവും ആകാംക്ഷയോടെ കാണുന്നത് ഗെയ്ക്വാദിന്റെ പ്രകടനമാണ്. ബോള്‍ട്ടിനെതിരെ മികച്ച ഒരു കവര്‍ ഡ്രൈവിലൂടെ പയ്യന്‍ തുടങ്ങിയെങ്കിലും അതിനു അധികം ആയുസ്സ് ഉണ്ടായില്ല. ബോള്‍ട്ടിന്റെ പേസിന് മുന്നില്‍ ബാറ്റ് വെച്ച ഗെയ്ക്വാദിന് പിഴച്ചു. എന്നാല്‍ വണ്‍ ഡൌണ്‍ ആയി എത്തിയ മൊയീന്‍ അലി മറ്റൊരു മൂഡിലായിരുന്നു. മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും ശിക്ഷിച്ച മൊയീന്‍ മുംബൈ ക്യാമ്പിലേക്ക് പട നയിച്ചു. ബൗണ്ടറികള്‍ നാലുപാടും പറന്നു. ആ ബാറ്റില്‍ നിന്ന് പിറന്നത് 5 ഫോറും 5 സിക്സും. ഡുപ്ലെസിസും ഒട്ടും പിന്നിലായിരുന്നില്ല. മൊയീന്‍ അലിയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട ഡുപ്ലെസിസ് മറു വശത്തു നിന്നും ആക്രമണം തുടങ്ങി. ഡുപ്ലെസിസ് 28 പന്തില്‍ 50 റണ്‍സ് എടുത്തപ്പോള്‍ മൊയീന്‍ നേടിയത് 36 പന്തില്‍ 58 റണ്‍സ്.

8 പന്തുകള്‍ക്കിടെ മൊയീന്‍, ഡുപ്ലെസിസ്, റെയ്‌ന ഇവരുടെ വിക്കറ്റുകള്‍ വീഴ്ത്തി മുംബൈ കളി തിരിച്ചു പിടിച്ചതാണ്. പക്ഷെ ചെന്നൈയുടെ കളികള്‍ രോഹിത് ആന്‍ഡ് കമ്പനി കാണാന്‍ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു.

തന്റെ കുഴപ്പം കൊണ്ടും മറ്റുളളവരുടെ കുഴപ്പം കൊണ്ടും കരിയറില്‍ അര്‍ഹിച്ച പലതും നേടാന്‍ ആകാഞ്ഞതിന്റെ നിരാശ റായുഡുവിന്റെ മുഖത്ത് വ്യക്തമായി നമുക്ക് വായിച്ചെടുക്കാം. ഇന്ന് ആ വിഷമം കൂടിയ ദിവസമായിരുന്നിരിക്കണം. കട്ടക്കലിപ്പിലായിരുന്നു റായുഡു. 27 പന്തില്‍ ബൗണ്ടറികളുടെ പെരുമഴയോടെ വാരിക്കൂട്ടിയത് 72 റണ്‍സ്. ഇന്ത്യയുടേയും മുംബൈയുടെയും വിശ്വസ്തനായ ബുംറ ആയിരുന്നു പ്രധാന ഇര. 4 ഓവറില്‍ ബുംറ വിട്ടുകൊടുത്തത് 56 റണ്‍സ്. ബോള്‍ട്ടും സാധാരണയില്‍ വ്യത്യസ്തമായി നല്ല രീതിയില്‍ അടി വാങ്ങി.

ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ ഇന്നൊരു സെഞ്ച്വറി അല്ലെങ്കില്‍ ഒരു ഫിഫ്റ്റി എങ്കിലും എടുക്കും എന്ന് കരുതിയതാണ്. പക്ഷെ ഇന്നും അത് നടന്നില്ല. എവിടെയോ രോഹിതിന് പിഴയ്ക്കുന്നു. സാരമില്ല, പുള്ളി ഒരു ബിഗ് മാച്ച് പ്ലയെര്‍ ആണ്. ഏതു നിമിഷവും തിരിച്ചു വരും. ഡികോക്കും അത്യാവശ്യം ഫോമിലായിരുന്നു. പക്ഷെ രണ്ടു പേര്‍ക്കും 30 കളില്‍ ഔട്ട് ആകാനായിരുന്നു വിധി. ടൂര്‍ണമെന്റിന്റെ പോക്ക് കണ്ടിട്ട്, ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍ ഇതില്‍ ഏതെങ്കിലും രണ്ടു ടീം ആയിരിക്കും ഫൈനല്‍ കളിക്കുക എന്ന് എന്റെ മനസ് പറയുന്നു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍