അയ്യര്‍ ദി ഫയര്‍, ത്രിപാതി താണ്ഡവം, മുംബൈയെ ചവച്ചുതുപ്പി കൊല്‍ക്കത്ത

ഐപിഎല്‍ വീണ്ടും അത്ഭുതമാകുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ കാര്യമായ മേല്‍വിലാസം ഒന്നുമില്ലാത്ത താരങ്ങളുടെ സംഹാര താണ്ഡവത്തില്‍ വീണ്ടും സാക്ഷ്യം വഹിച്ചപ്പോള്‍ ചാമ്പ്യന്‍മാരായ മുംബൈ കനത്ത തോല്‍വിയ്ക്കാണ് ഇരയായത്. ഏഴ് വിക്കറ്റിനാണ് കരുത്തരായ മുംബൈയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കെട്ടുകെട്ടിച്ചത്.

അര്‍ധ സെഞ്ച്വറി നേടിയ വെങ്കിടേഷ് അയ്യരും രാഹുല്‍ ത്രിപാതിയും നടത്തിയ തകപ്പന്‍ ബാറ്റിംഗ് പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് അവശേഷിക്കെ 29 പന്ത് ബാക്കി വെച്ച് കൊല്‍ക്കത്ത ജയിച്ച് കയറുകയായിരുന്നു.

വെങ്കിടേഷ് അയ്യര്‍ 30 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 53 റണ്‍സെടുത്തു, രാഹുല്‍ ത്രിപാതിയാകട്ടെ കേവലം 42 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 74 റണ്‍സാണ് സ്വന്തമാക്കിയത്. ഇരുവരും രണ്ടാം വിക്കറ്റില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

മുംബൈയ്ക്ക് ജയിക്കാന്‍ ഒരവസരം പോലും നല്‍കാതെയായിരുന്നു കൊല്‍ക്കത്തയുടെ ബാറ്റിംഗ്. 10 ഓവറില്‍ തന്നെ യുവതാരങ്ങളുടെ മികവില്‍ 114 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചെടുത്തത്. 13 റണ്‍സെടുത്ത ഗില്ലും ഏഴ് റണ്‍സെടുത്ത ഇയാന്‍ മോര്‍ഗനുമാണ് പുറത്തായ മറ്റ് രണ്ട് ബാറ്റ്‌സ്മാന്‍മാര്‍. രണ്ട് പന്തില്‍ അഞ്ച് റണ്‍സുമായി നിതീഷ് റാണ മത്സരം അവസാനിക്കുമ്പോള്‍ ത്രിപാതിയ്ക്ക് കൂട്ടായി ക്രീസിലുണ്ടായിരുന്നു.

കൊല്‍ക്കയുടെ മൂന്ന് വിക്കറ്റും വീഴ്ത്തിയ ജസ്പ്രിത് ഭുംറയാണ്. നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങിയാണ് ഭുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡികോക്കിന്റെ മികവിലാണ് മുംബൈ 155 റണ്‍സെടുത്തത്. രോഹിത്ത് ശര്‍മ്മയ്‌ക്കൊപ്പം 76 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഡികോക്ക് ഉണ്ടാക്കിയത്. രോഹിത്ത് 30 പന്തില്‍ നാല് ബൗണ്ടറികളുടെ സഹായത്തോടെ 33ഉം ഡികോക്ക് 42 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 55 റണ്‍സും എടുത്തു. എന്നാല്‍ മികച്ച തുടക്കം മുതലാക്കാനാകാതെ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.

വിജയത്തോടെ കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. മുംബൈ ആകട്ടെ ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. രാജസ്ഥാന്‍ റോയല്‍സാണ് അഞ്ചാം സ്ഥാനത്ത്.

You Might Also Like