ബിസിസിഐയ്ക്ക് വന്‍ നഷ്ടം, ഒലിച്ച് പോകുന്ന തുകയറിഞ്ഞാല്‍ കണ്ണുതള്ളും

Image 3
CricketIPL

കോവിഡ് മഹാമാരി വീശിയിച്ചതിനെ തുടര്‍ന്ന് ഐപിഎല്‍ 14ാം സീസണ്‍ പാതി വഴിയില്‍ നിര്‍ത്തിവെച്ചതോടെ ബിസിസിഐ നേരിടുന്നത് കനത്ത സാമ്പത്തിക നഷ്ടം. ഉദ്ദേശം 2200 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ബിസിസിഐ കണക്കാക്കുന്നത്.

സ്പോണ്‍സര്‍ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ ഇത്രയും കനത്ത തുക ബിസിസിഐയ്ക്ക് നഷ്ടമാകുക. ഒരു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ ആണ് ഇക്കാര്യം പിടിഐയോട് വെളിപ്പെടുത്തിയത്.

‘ഈ സീസണ്‍ പകുതിയില്‍ വച്ച് നിര്‍ത്തിവയ്ക്കേണ്ടി വന്നതു കാരണം ഞങ്ങള്‍ക്കു 2000ത്തിനും 2500നും ഇടയില്‍ കോടികളുടെ നഷ്ടം സഹിക്കേണ്ടി വരും. കൃത്യമായി പറയുകയാണെങ്കില്‍ 2200 കോടിയുടെ അടുത്തായിരിക്കും നഷ്ടമുണ്ടാവുക’ അദ്ദേഹം പറഞ്ഞു.

നാലു ഫ്രാഞ്ചൈസികളിലെയും ചില കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂര്‍ണമെന്റ് അനിശ്ചിതമായി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ബിസിസിഐ കൈക്കൊള്ളേണ്ടി വന്നത്. 60 മല്‍സരങ്ങളുള്‍പ്പെടുന്ന, 52 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് ഈ മാസം 30നായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലായിരുന്നു പ്ലേഓഫ് മല്‍സരങ്ങളും ഫൈനലും ഷെഡ്യൂള്‍ ചെയ്തിരുന്നത്. 24 ദിവസവും 29 മല്‍സരങ്ങളും കഴിയുമ്പോഴേക്കും ഐപിഎല്ലിനെ തടസ്സപ്പെടുത്തുകയായിരുന്നു.

ഐപിഎല്ലിന്റെ ഒഫീഷ്യല്‍ സ്പോണ്‍സര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സില്‍ നിന്നായിരിക്കും ബിസിസിഐയ്ക്കു ഏറ്റവും വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുന്നത്. 16,347 കോടി രൂപയ്ക്കാണ് ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം അഞ്ചു വര്‍ഷത്തേക്കു സ്റ്റാര്‍ ഗ്രൂപ്പ് സ്വന്തമാക്കിയത്. പ്രതിവര്‍ഷം 3269.4 കോടി രൂപയാണ് ബിസിസിഐയ്ക്കു ഇതു പ്രകാരം ലഭിക്കുക. മത്സരങ്ങള്‍ പാതിവഴിയില്‍ റദ്ദാക്കുന്നതോടെ സ്റ്റാര്‍ ഗ്രൂപ്പില്‍ നിന്ന് ഈ സീസണില്‍ ലഭിക്കേണ്ട 3270 കോടി രൂപയുടെ സ്ഥാനത്തു 1580 കോടി മാത്രമേ ഇത്തവണ ലഭിക്കൂ.

സമാനായി ഐപിഎല്ലിന്റ മുഖ്യ സ്പോണ്‍സര്‍മാരും ചൈനീസ് മൊബൈല്‍ കമ്പനിയുമായ വിവോ പ്രതിവര്‍ഷം 440 കോടി രൂപയാണ് കരാര്‍ പ്രകാരം ബിസിസിഐയ്ക്കു നല്‍കി വരുന്നത്. പക്ഷെ പകുതി മല്‍സരങ്ങള്‍ അനിശ്ചിതമായി നീട്ടിയതോടെ ഈ തുകയുടെ പകുതി മാത്രമേ വിവോ ബിസിസിഐയ്ക്കു നല്‍കുകയുള്ളൂ. ഇതു കൂടാതെ ടൂര്‍ണമെന്റിന്റെ മറ്റു പ്രധാന സ്പോണ്‍സര്‍മാരായ അണ്‍അക്കാഡമി, ഡ്രീം 11, ക്രെഡ്, അപ്സ്റ്റോക്സ്, ടാറ്റ മോട്ടോഴേസ് എന്നിവരും 120 കോടിയോളം രൂപ വീതം ബിസിസിഐയ്ക്കു നല്‍കുന്നുണ്ട്.