ഐപിഎല്‍ നടത്താനുളള രാജ്യങ്ങളുടെ പട്ടിക നാലായി, അന്തിമ തീരുമാനത്തിനൊരുങ്ങി ബിസിസിഐ

കോവിഡ് മാഹാമാകി ബയോ ബബിളും ഭേദിച്ച് കടന്നതോടെ പാതിവഴിയില്‍ നിര്‍ത്തിയ ഐപിഎല്‍ പുനരാരംഭിക്കേണ്ടത് എവിടെ വെച്ചെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു. ഇനി അവശേഷിക്കുന്ന 31 മത്സരങ്ങള്‍ ഇന്ത്യയില്‍ വെച്ച് നടക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെ ഇതിനോടകം നിലപാട് വ്യക്തമാക്കി കഴിഞ്ഞു.
ഇതിനിടെ ഐപിഎല്ലിന് വേദിയായി നാല് രാജ്യങ്ങളെയാണ് നിലവില്‍ ബിസിസിഐ പരിഗണിക്കുന്നത്. നേരത്തെ പരിഗണിച്ച ഇംഗ്ലണ്ട്, യുഎഇ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ശ്രീലങ്ക കൂടി ബിസിസിഐയുടെ സജീവ പരിഗണനയിലാണ്.
കൊവിഡ് കാരണം ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കുണ്ടായ വരുമാന നഷ്ടം വലുതാണ്. അതുകൊണ്ട് തന്നെ കയ്യിലെത്തുന്ന വന്‍തുകയാണ് ഐപിഎല്ലിനെ ക്ഷണിക്കുമ്പോള്‍ ബോര്‍ഡുകളുടെ മനസില്‍. കഴിഞ്ഞ സീസണ്‍ നടത്താന്‍ ബിസിസിഐ യുഎഇയ്ക്ക് നല്‍കിയത് 100 കോടിയോളം. കൊവിഡ് കാലത്ത് ഐപിഎല്‍ നടത്തിയാലും ടൂറിസത്തില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കേണ്ട. പക്ഷെ പരസ്യം അടക്കം പരോക്ഷ വരുമാനങ്ങള്‍ വേറെയുമുണ്ട്.
കഴിഞ്ഞ സീസണ്‍ വിജയകരമായി നടത്തിയതിനാല്‍ യുഎഇയില്‍ ഐപിഎലാകാനാണ് കൂടുതല്‍ സാധ്യത. ഇംഗ്ലീഷ് കൗണ്ടി ടീമുകള്‍ സന്നദ്ധ അറിയിച്ചതോടെയാണ് ഇംഗ്ലണ്ട് ചര്‍ച്ചകളില്‍ സജീവമാകുന്നത്. സെപ്തംബറില്‍ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷമുള്ള ഇടവേളയാണ് ഐപിഎല്ലിനായി പരിഗണിക്കുന്നത്. താരങ്ങളെല്ലാം ഇംഗ്ലണ്ടിലുളളത് ബിസിസിഐയ്ക്ക് അനുകൂല ഘടകമാണ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇംഗ്ലണ്ടിലെത്തി ചര്‍ച്ച നടത്തുമെന്നാണ് സൂചന.
എവിടെ ആയാലും ബിസിസിഐയെ സംബന്ധിച്ചിടത്തോളം ടൂര്‍ണമെന്റ് നടന്നേ പറ്റൂ. ഇല്ലെങ്കില്‍ നഷ്ടം 2500 കോടിയെങ്കിലും വരും.