ടീമിനൊപ്പം ചേര്‍ന്ന് കോഹ്ലി ഒഴികെയുളള താരങ്ങള്‍, രോഹിത്തിന് വീരോചിത സ്വീകരണം
ഇംഗ്ലണ്ട് പര്യടനം അവസാനിച്ചതോടെ ക്രിക്കറ്റ് ലോകം ഐപിഎല്‍ ആവേശത്തിലമരാനുളള തയ്യാറെടുപ്പിലാണ്. ഐപിഎല്‍ 14ാം സീസണിന് കൈമെയ് മറന്നുളള മുന്നൊരുക്കങ്ങളാണ് ടീമുകള്‍ നടത്തുന്നത്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം അവസാനിച്ചതോടെ സൂപ്പര്‍ താരങ്ങളെല്ലാം ടീമിനൊപ്പം ചേര്‍ന്ന് കഴിഞ്ഞു.
ഇന്ത്യക്കെതിരായ പരമ്പരക്ക് ശേഷം ഇംഗ്ലണ്ട് താരങ്ങളില്‍ ഐപിഎല്ലില്‍ കളിക്കുന്നവര്‍ നാട്ടിലേക്ക് മടങ്ങാതെ ഐപിഎല്‍ ടീമുകള്‍ക്കൊപ്പം ചേരുകയായിരുന്നു.
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്ക് ആവേശ വരവേല്‍പ്പാണ് ടീം നല്‍കിയത്. അഞ്ച് തവണ മുംബൈയെ ചാമ്പ്യന്‍പട്ടം ചൂടിച്ച രോഹിത് ഇത്തവണ ഹാട്രിക് കിരീടമാണ് ലക്ഷ്യമിടുന്നത്. സൂര്യകുമാര്‍ യാദവും ടീമിനൊപ്പം ചേര്‍ന്നു. ഇഷാന്‍ കിഷന്‍ നേരത്തെ തന്നെ മുംബൈ ക്യാംപിലെത്തിയിരുന്നു. ഒട്ടുമിക്ക വിദേശ താരങ്ങളും മുംബൈയിലെത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറ ഏപ്രില്‍ 1ന് ടീമിനൊപ്പം ചേരുമെന്നാണ് വിവരം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ഓയിന്‍ മോര്‍ഗനും പ്രസിദ്ധ് കൃഷ്ണയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു. ഇംഗ്ലണ്ട് ക്യാപ്റ്റനായ ഓയിന്‍ മോര്‍ഗന്‍ ഇന്ത്യക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളും കളിച്ചിരുന്നില്ല. പരിക്കായിരുന്നു പ്രശ്നം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും നയിക്കുന്നത് മോര്‍ഗനാണ്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ പരിക്ക് ആശങ്കയുണ്ടാക്കുന്നതാണ്.
മൂന്നാം ഏകദിനത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന ഇംഗ്ലണ്ടിന്റെ സാം കറാനും സ്പിന്നര്‍ മോയിന്‍ അലിയും ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ചേര്‍ന്നു.
പഞ്ചാബ് കിങ്സിനൊപ്പം കെ എല്‍ രാഹുലും ചേര്‍ന്നിട്ടുണ്ട്. സജീവമായി പഞ്ചാബ് ക്യാംപ് മുന്നോട്ട് പോവുകയാണ്. ഇത്തവണ പഞ്ചാബ് ടീമിലെത്തിച്ച തമിഴ്നാട് ബാറ്റ്്സ്മാന്‍ ഷാരൂഖ് ഖാന്‍ നെറ്റ്സില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങാതിരുന്ന രാഹുല്‍ ഏകദിന പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
അതേ സമയം വിരാട് കോലി ഏപ്രില്‍ 1ന് മാത്രമെ ആര്‍സിബി ടീമില്‍ ചേരുകയുള്ളു. ഇംഗ്ലണ്ടിനെതിരായ ടി20,ഏകദിന പരമ്പരകളില്‍ തിളങ്ങിയ കോലി ഇത്തവണ കന്നി ഐപിഎല്‍ കിരീടമാണ് ലക്ഷ്യം വെക്കുന്നത്.
ഏപ്രില്‍ 9നാണ് 14ാം സീസണ്‍ ആരംഭിക്കുന്നത്. ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണുള്ളതെന്നതിനാല്‍ അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍.