ഐപിഎല്‍ റദ്ദാക്കപ്പെടുമോയെന്ന് ഭയപ്പെടുന്നു, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങല്‍ വീണ്ടും റദ്ദാക്കിയേക്കുമോ എന്ന് ഭയപ്പെടുന്നതായി ഇന്ത്യയുടെ മുന്‍ താരം വീരേന്ദര്‍ സെവാഗ്. സണ്‍റൈസേഴ്‌സ് താരം നടരാജന് കൊവിഡ് പോസിറ്റീവായതോടെയാണ് സെവാഗ് ആശങ്ക പങ്കുവഹിച്ചത്.

തന്റെ ഫേസ്ബുക്ക് വാച്ച്‌ഷോയില്‍ ആണ് സെവാഗ് ആശങ്ക പങ്കുവെച്ചത്. ഐപിഎല്ലില്‍ കളിയ്ക്കുന്ന താരങ്ങളും ഇത്തരമൊരു ആശങ്കയിലൂടെ കടന്ന് പോകുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സണ്‍റൈസേഴ്‌സ് താരം ടി നടരാജന്‍ കൊവിഡ് പോസിറ്റീവായത്. താരം രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ല. നടരാജനെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നടരാജനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍, ടീം മാനേജര്‍ വിജയ് കുമാര്‍, ഫിസിയോതെറാപിസ്റ്റ് ശ്യാം സുന്ദര്‍, ഡോക്ടര്‍ അഞ്ജന വന്നന്‍, ലൊജിസ്റ്റിക്‌സ് മാനേജര്‍ തുഷാര്‍ ഖേഡ്കര്‍ നെറ്റ് ബൗളര്‍ പെരിയസാമി ഗണേശന്‍ എന്നിവര്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. ബാക്കിയുള്ളവരെല്ലാം കൊവിഡ് നെഗറ്റീവായിരുന്നു. ക്യാമ്പില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മത്സരം മുന്‍ നിശ്ചയപ്രകാരം തന്നെ നടന്നു.

മത്സരത്തില്‍ 8 വിക്കറ്റിന് ഡല്‍ഹി വിജയിച്ചിരുന്നു. സണ്‍റൈസേഴ്‌സ് മുന്നോട്ടുവച്ച 135 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി മറികടക്കുകയായിരുന്നു. 47 റണ്‍സെടുത്ത ശ്രേയാസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍. ശിഖര്‍ ധവാന്‍ 42 റണ്‍സെടുത്തു. ഋഷഭ് പന്തും (35) ഡല്‍ഹിക്കായി തിളങ്ങി. ജയത്തോടെ 14 പോയിന്റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.

You Might Also Like