അവരിനി ഐപിഎല്‍ കളിയ്ക്കുന്നത് എന്ത് പറഞ്ഞ് ന്യായീകരിക്കും, സഹതാരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഓസീസ് നായകന്‍

Image 3
CricketCricket News

ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും പിന്മറായ സഹതാരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ഐ പി എല്ലില്‍ കളിക്കുന്നത് ഇനി ഈ താരങ്ങള്‍ക്ക് ന്യായീകരിക്കാന്‍ സാധിക്കില്ലയെന്നും വാര്‍ണറും മാക്സ്വെല്ലും അടക്കമുള്ള താരങ്ങളുടെ പിന്മാറ്റം ഞെട്ടിച്ചുവെന്നും ഫിഞ്ച് തുറന്ന് പറയുന്നു.

‘ ഐ പി എല്‍ പുനരാരംഭിക്കുമ്പോള്‍ തിരിച്ചെത്തി കളിക്കുന്നത് ന്യായീകരിക്കാന്‍ അവര്‍ ഇനി ബുദ്ധിമുട്ടുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അത്രയും ജോലിഭാരം അവര്‍ക്കിനിയുണ്ടാകും, ടി20 ലോകകപ്പും അതിനുശേഷം വലിയ ഹോം സമ്മറും അവരെ കാത്തിരിക്കുന്നു. ഇത് ശരിക്കും കഠിനമാണ്. എല്ലാവരും വിഷമകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് മാനസികമായി നമുക്കും ഒപ്പം നമ്മുടെ കുടുംബത്തിനും വെല്ലുവിളിയാണ്. അതിനെകുറിച്ചാണ് ഞാന്‍ കൂടുതല്‍ ചിന്തിക്കുന്നത്. ‘ ഫിഞ്ച് പറഞ്ഞു.

വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളില്‍ നിന്ന് ഐപിഎല്‍ കളിയ്ക്കുന്ന ഏഴ് ഓസ്‌ട്രേലിയന്‍ താരങ്ങളാണ് പിന്മാറിയത്. ഇതോടെ ഇവരെ കൂടാതെയുളള ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്.

പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്സ്വെല്‍, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, ജൈ റിച്ചാര്‍ഡ്‌സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എ്ന്നിവരാണ് ഓസീസ് ടീമില്‍ നിന്നും പിന്മാറിയ താരങ്ങള്‍.

സ്റ്റീവ് സ്മിത്ത് കൈമുട്ടിനേറ്റ പരിക്ക് മൂലം പര്യടനത്തില്‍ നിന്നും വിട്ടുനിന്നപ്പോള്‍ മറ്റുള്ളവര്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പര്യടനത്തില്‍ നിന്നും പിന്മാറിയത്. പാറ്റ് കമ്മിന്‍സും ഡേവിഡ് വാര്‍ണറും പര്യടനത്തില്‍ ഉണ്ടാകില്ലയെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും മറ്റുള്ളവരുടെ പിന്മാറ്റം തന്നെ ഞെട്ടിച്ചുവെന്നും ഫിഞ്ച് പറഞ്ഞു.