ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്തയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഐപിഎല്‍ പതിനാലാം സീസണിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുക പുതിയ ജഴ്‌സിയുമായി. ചെന്നൈയുടെ പുതിയ ജഴ്‌സിയുടെ ചിത്രം ടീം പുറത്ത് വിട്ടു. ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രമായ മിന്ത്രയാണ് സിഎസ്‌കെയുടെ ജഴ്സി സ്പോണ്‍സര്‍.

ട്വിറ്ററില്‍ ട്വിസ്റ്റ് നിറച്ചായിരുന്നു പുതിയ ജഴ്സിയുടെ അവതരണം. നമുക്ക് ആരംഭിക്കാമോ? എന്ന തലക്കെട്ടോടെ സിഎസ്‌കെയുടെ ഒരു ട്വീറ്റ് ആദ്യം പുറത്തുവന്നു.

ഇതിന് മറുപടിയായി പുതിയ കുപ്പായത്തിന്റെ ചിത്രം സ്പോണ്‍സര്‍മാരായ മിന്ത്ര ട്വീറ്റ് ചെയ്യുകയായിരുന്നു. ലേറ്റാ വന്താലും, ലേറ്റസ്റ്റാ വരുവോം… എന്ന കുറിപ്പോടെയായിരുന്നു മിന്ത്രയുടെ മറുപടി ട്വീറ്റ്.

കഴിഞ്ഞ സീസണില്‍ മുത്തൂറ്റ് ഗ്രൂപ്പായിരുന്നു സിഎസ്‌കെയുടെ ജഴ്സി സ്പോണ്‍സര്‍.

ഐപിഎല്‍ ചരിത്രത്തിലാദ്യമായി കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ്. 14 മത്സരങ്ങളില്‍ ആറ് ജയങ്ങള്‍ മാത്രം നേടിയ ടീം 12 പോയിന്റുമായി ഏഴാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. എന്നാല്‍ ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കുന്ന പുതിയ സീസണില്‍ ചരിത്രം തിരുത്താമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ടീം. മെയ് 30നാണ് ഫൈനല്‍

You Might Also Like