ഐപിഎല്‍ റദ്ദാക്കിയിട്ടില്ല, നടത്തും, നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്

Image 3
CricketIPL

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ സീസണ്‍ അനിശ്ചിത കാലത്തേക്കു നിര്‍ത്തിവയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചതോടെ ഇനി ശേഷിക്കുന്ന മല്‍സരങ്ങള്‍ നടക്കുമോയെന്ന അന്വേഷണത്തിലാണ് ക്രിക്കറ്റ് ലോകം. എന്നാല്‍ ഐപിഎല്‍ റദ്ദാക്കിയിട്ടില്ലെന്നും ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താനുളള പദ്ധതി തയ്യാറാക്കുന്ന തിരക്കിലാണ് ബിസിസിഐ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇനി 31 മല്‍സരങ്ങളാണ് ടൂര്‍ണമെന്റില്‍ ശേഷിക്കുന്നത്. ഇവ സപ്തംബര്‍ വിന്‍ഡോയില്‍ നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതായി പട്ടേല്‍ വ്യക്തമാക്കി.

ശേഷിച്ച മല്‍സരങ്ങള്‍ക്കായി പുതിയ വിന്‍ഡോ കണ്ടെത്താനാണ് ഇപ്പോള്‍ ഞങ്ങളുടെ ശ്രമം. അനുയോജ്യമായ ഒരു വിന്‍ഡോ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അതു പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും. സപ്തംബറില്‍ അതിനു കഴിയുമോയെന്നാണ് ഞങ്ങള്‍ നോക്കുന്നത്. ഐസിസിയുടെയും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളുടെയും പ്ലാനുകളെക്കുറിച്ച് അറിയേണ്ടണ്ടതുണ്ട്. ഇതനുസരിച്ചായിരിക്കും ഐപിഎല്‍ വിന്‍ഡോ പ്ലാന്‍ ചെയ്യുകയെന്നും പട്ടേല്‍ അറിയിച്ചു.

നാലു ഫ്രാഞ്ചൈസികളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബിസിസിഐ ഐപിഎല്‍ അനിശ്ചിതമയി നിര്‍ത്തിവച്ചത്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിലായിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, മലയാളി താരം സന്ദീപ് വാര്യര്‍ എന്നിവരുടെ പരിശോധനാഫലമായിരുന്നു പോസിറ്റീവായത്.

പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സില്‍ ബൗളിങ് കോച്ച് ലക്ഷ്മിപതി ബാലാജിയുള്‍പ്പെടെ മൂന്നു പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. സണ്‍റൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ, ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്പിന്നര്‍ഡ അമിത് മിശ്ര എന്നിവരുടെ ഫലവും പോസിറ്റിവായിരുന്നു. ഇതേ തുടര്‍ന്നാണ് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്കു ബിസിസിഐ നിര്‍ത്തിവച്ചത്.