മോറിസിന് ജാക്ക് പോട്ട്, ഐപിഎല്ലില്‍ തിളങ്ങാത്ത മാക്‌സ് വെല്ലിന് 14.25 കോടി

Image 3
CricketIPL

ഐപിഎല്‍ താരലേലത്തില്‍ ചരിത്രം തിരുത്തി ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 16.25 കോടി രൂപയ്ക്ക് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ (2015ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അന്ന് ഡല്‍ഹി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) റെക്കോര്‍ഡ് തകര്‍ത്താണ് മോറിസിനെ രാജസ്ഥാന്‍ റാഞ്ചിയത്. പഞ്ചാബ് കിങ്‌സുമായുള്ള വാശിയേറിയ ലേലത്തിനൊടുവിലാണ് രാജസ്ഥാന്‍ മോറിസിനെ സ്വന്തമാക്കിയത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ റിലീസ് ചെയ്ത താരമാണ് മോറിസ്. 14.25 കോടിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെലാണ് ഉയര്‍ന്ന രണ്ടാമത്തെ തുക നേടിയത്. 14 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ച ഓസീസ് താരം ജൈ റിച്ചാര്‍ഡ്‌സന്‍ മൂന്നാമതുണ്ട്.

9.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ കൃഷ്ണപ്പ ഗൗതമാണ് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമന്‍. ദേശീയ ജഴ്‌സിയണിയാത്ത താരങ്ങളില്‍ ഉയര്‍ന്ന വില ലഭിച്ചതും ഗൗതത്തിനു തന്നെ. 20 ലക്ഷം രൂപ അടിസ്ഥാന വിലയുമായെത്തി എട്ടു കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സിലെത്തിയ ഓസ്‌ട്രേലിയന്‍ താരം റിലീ മെറിഡിത്തും താരലേലത്തിലെ ആവേശസാന്നിധ്യമായി.

മോയിന്‍ അലിയെ ഏഴു കോടി രൂപയ്ക്ക് ചെന്നൈയും നഥാന്‍ കൂള്‍ട്ടര്‍നീലിനെ 5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും ടീമിലെത്തിച്ചു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള യുവതാരം ഷാരൂഖ് ഖാന്‍ 5.25 കോടി രൂപ നേടി പഞ്ചാബ് കിങ്‌സിലെത്തി. ശിവം ദുബെയെ 4.4 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സും സ്വന്തമാക്കി.

164 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ 292 പേരാണു മിനി ലേലത്തില്‍ പങ്കെടുക്കുന്നത്. 8 ടീമുകളിലായി പരമാവധി 61 താരങ്ങള്‍ക്ക് അവസരമൊരുങ്ങും.