പന്ത് വീണ്ടും ‘എയറില്‍’, രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ താരവും

Image 3
CricketIPL

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാനെതിരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തോല്‍വിയ്ക്ക് പിന്നാലെ നായകന്‍ റിഷഭ് പന്തിനെതിരേ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. ആര്‍ അശ്വിന് നാല് ഓവര്‍ പൂര്‍ണ്ണമായും നല്‍കാത്ത റിഷഭിന്റെ തീരുമാനമാണ് നെഹ്‌റയെ പ്രകോപിച്ചിരിക്കുന്നത്.

‘148 റണ്‍സ് പ്രതിരോധിക്കുമ്പോള്‍ ആര്‍ അശ്വിന് മൂന്ന് ഓവര്‍ മാത്രം. രാജസ്ഥാന്റെ അഞ്ച് ടോപ് ഓഡര്‍ ബാറ്റ്സ്മാന്‍മാരും പുറത്തായ സമയം. രാഹുല്‍ തെവാത്തിയ ഡേവിഡ് മില്ലര്‍ എന്നീ രണ്ട് ഇടം കൈയന്‍മാര്‍ ക്രീസില്‍ നില്‍ക്കുന്നു. ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് അശ്വിനെ ഉപയോഗിക്കുക’-നെഹ്റ പറഞ്ഞു.

നേരത്തെ ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. വളരെ മനോഹരമായാണ് അശ്വിന്‍ പന്തെറിഞ്ഞത്. മൂന്ന് ഓവറില്‍ വിക്കറ്റ് നേടാതെ 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരു ബൗണ്ടറി പോലും വഴങ്ങിയില്ല. ആദ്യ മത്സരത്തില്‍ അശ്വിന്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം കഠിന പരിശീലനം നടത്തിയ അശ്വിന്‍ മനോഹരമായി ഇന്ന് പന്തെറിഞ്ഞു. അശ്വിന് നാല് ഓവര്‍ നല്‍കാത്തത് തെറ്റായിപ്പോയെന്നാണ് മത്സര ശേഷം ഡല്‍ഹി കോച്ച് റിക്കി പോണ്ടിങ് പറഞ്ഞത്.

42 റണ്‍സിന് 5 വിക്കറ്റ് രാജസ്ഥാന് നഷ്ടമായിരുന്നു. 13ാം ഓവര്‍ വരെ കളി ഡല്‍ഹിക്ക് അനുകൂലമായിരുന്നു. എന്നാല്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ പന്തേല്‍പ്പിച്ച റിഷഭ് പന്തിന്റെ തീരുമാനം പാളി. 15 റണ്‍സാണ് രാജസ്ഥാന്‍ ഈ ഓവറില്‍ നേടിയത്. തൊട്ടടുത്ത ഓവറില്‍ 12 റണ്‍സ് ടോം കറാനും വിട്ടുകൊടുത്തതോടെ രാജസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ടോം കറാനെ ഡെത്ത് ഓവറിലേക്ക് മാറ്റിവെച്ച റിഷഭിന്റെ തീരുമാനവും തെറ്റായിപ്പോയി. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു പിശുക്കുംകാട്ടാത്ത ബൗളറാണ് ടോം കറാന്‍. അതിനാല്‍ത്തന്നെ ക്രിസ് മോറിസിനെപ്പോലെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരം ക്രീസില്‍ നില്‍ക്കവെ ടോം കറാനെ അവസാന ഓവറിലേക്ക് മാറ്റിവെച്ചതും റിഷഭിന് പറ്റിയ തെറ്റാണ്.