അയാള്‍ ഐപിഎല്‍ ഭീമന്മാരോട് ചെയ്തത് ക്രൂരമായ പാതകം, പോരാട്ട വീര്യത്തിന്റെ അങ്ങേയറ്റം

ബസന്ത് കെഎന്‍
ഇന്നിയാളെക്കുറിച്ച് രണ്ട് വാക്കെങ്കിലും പറഞ്ഞില്ലെങ്കില്‍ എങ്ങനെ ശരിയാകും.. അമിത് മിശ്ര എന്ന പേര് ഇന്നത്തെ ദിവസം വലിയൊരു വിഭാഗം ആരാധകരെ അലോസരപ്പെടുത്തിയിട്ടുണ്ട് എന്നത് ഉറപ്പ്. കാരണം അത്തരത്തിലൊരു ക്രൂരമായ പാതകം തന്നെയാണ് അയാള്‍ ഐ.പി.എല്ലിലെ ഭീമന്മാരായ മുംബൈ ഇന്ത്യന്‍സിനോട് ചെയ്തിരിക്കുന്നത്.
മുംബൈ ടീം 20 ഓവറില്‍ 137/9 എന്ന നിലയില്‍ കിതച്ച് നിന്ന് പോയിട്ടുണ്ടെങ്കില്‍ അത് ഇയാളേല്‍പ്പിച്ച കടുത്ത ആഘാതങ്ങള്‍ കൊണ്ട് തന്നെയാണ്. ഡി കോക്കിനെയും, സൂര്യയെയും നഷ്ടപ്പെട്ടിട്ടും ഒരു വശത്ത് മികച്ച ഫോമിലൂടെ മുന്നേറുകയായിരുന്ന മുംബൈ ക്യാപ്റ്റന്‍ രോഹിതിനെ 44 (30) തന്റെ പേസ് വേരിയേഷനിലൂടെ കബളിപ്പിച്ച് ലോങ്ങ് ഓണില്‍ സ്മിത്തിന്റെ കൈകളിലെത്തിക്കുവാന്‍ അയാള്‍ക്ക് സാധിക്കുന്നുണ്ട്.
ശേഷം അതേ ഓവറില്‍ തന്നെ മുംബൈയുടെ ഹിറ്റിംങ്ങ് സെന്‍സേഷനായ ഹര്‍ദീക് പാണ്ഡ്യയേയും 0(1) അയാള്‍ ലോങ്ങ് ഓണില്‍ സ്മിത്തിന്റെ കൈകളിലേക്കെത്തിക്കുകയാണ്, അതിലൂടെ സ്വന്തം ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തുന്നതിനൊപ്പം എതിരാളികളുടെ മനോവീര്യം തകര്‍ക്കുകയുമാണയാള്‍.
പ്രതിസന്ധികളിലെ രക്ഷകനായ പൊള്ളാര്‍ഡിനെ 2 (5) തന്റെ ആവനാഴിയിലെ തീഷ്ണമായൊരു ഗൂഗ്ലിയിലൂടെ വിക്കറ്റിന് മുന്നില്‍ കുടുക്കുമ്പോള്‍, അയാളിലെ വര്‍ഷങ്ങളുടെ ബൗളിങ്ങ് എക്‌സ്പീരിയന്‍സ് കൂടി നമ്മുക്ക് ബോധ്യപ്പെടുകയാണ്.
ഒടുവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന ഇഷാന്‍ കിഷനെ 26 (28) വീഴ്ത്തിയ ആ യോര്‍ക്കറില്‍ ഭാഗ്യത്തിന്റെ കടാക്ഷം കൂടെ ചേര്‍ന്നപ്പോള്‍, അക്ഷരാര്‍ത്ഥത്തില്‍ സുരക്ഷിതമായ സ്‌കോര്‍ എന്ന മുംബൈയുടെ സ്വപ്നത്തെപ്പോലും നിങ്ങള്‍ നിഷ്പ്രഭമാക്കുകയായിരുന്നു.
ഈ 38ാം വയസ്സിലും നിങ്ങള്‍ കാഴ്ചവെയ്ക്കുന്ന ഈ ആര്‍ജ്ജവത്തെ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുക.
4-0-24-4 എന്ന നിങ്ങളുടെ ഈ മനോഹരമായ ബൗളിങ്ങ് ഫിഗര്‍ ഏറെ നാള്‍ സ്മരിക്കപ്പെടട്ടെ അമിത് മിശ്ര. ഒപ്പം 7 വിക്കറ്റുകള്‍ കൂടെ നേടി ഐ പി എല്ലിലെ വിക്കറ്റ് വേട്ടക്കാരുടെ നിരയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കാനുള്ള നിയോഗം കൂടി നിങ്ങള്‍ക്ക് ലഭിക്കട്ടെ.
ഈ ദിവസം നിങ്ങളുടേതാണ്, ഇന്നത്തെ താരവും നിങ്ങള്‍ തന്നെ
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍