കോഹ്ലിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്, മൂന്നാം ഫിഫ്റ്റിയുമായി പടിക്കല്‍, ആര്‍സിബിയ്ക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റിനാണ് രാജസ്ഥാനെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് തകര്‍ത്തത്.

ടൂര്‍ണമെന്റിലെ മൂന്നാമത്തെ അര്‍ധ സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലിന്റേയും ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്ലിയുടെയും മികവിലാണ് ബംഗളൂരു അനായാസ ജയം സ്വന്തമാക്കിയത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ കേവലം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബംഗളൂരു മറികടക്കുകയായിരുന്നു.

പടിക്കല്‍ 45 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 63 റണ്‍സാണ് നേടിയത്. കോഹ്ലി 53 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 72 റണ്‍സെടുത്ത് പുറത്താകാതേയും നിന്നു. എട്ട് റണ്‍സെടുത്ത ആരോണ്‍ ഫിഞ്ച് മാത്രമാണ് ബംഗളൂരു നിരയില്‍ ഫോമാകാതെ പോയത്. ഡിവില്ലേഴ്‌സ് 12 റണ്‍സുമായി കോ്ഹ്ലിയ്ക്ക് കൂട്ടായി വിജയിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രജസ്ഥാന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. 47 റണ്‍സെടുത്ത ലെമിറോറും 24 റണ്‍സെടുത്ത തെവാത്തിയയും 22 റണ്‍സെടുത്ത ജോസ് ബട്ട്‌ലറും മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. സ്മിത്ത് അഞ്ചും സഞ്ജു നാല് റണ്‍സും എടുത്ത് പുറത്തായി.

ബംഗളൂരുവിനായി ചഹല്‍ മൂന്നും ഉദാന രണ്ട് വിക്കറ്റും വീഴ്ത്തി. ഇതോടെ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവുമായി ആറ് പോയന്റോടെ ബംഗളൂരു പോയന്റ് നിലയില്‍ ഒന്നാമതെത്തി.

You Might Also Like