വിജയശേഷം ഖലീലിനോട് പൊട്ടിത്തെറിച്ച് തെവാത്തിയ, നാടകീയ കാഴ്ച്ചകള്‍

Image 3
CricketIPL

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവിശ്വസനീയ വിജയം കൈപ്പിടിയിലൊതുക്കിയശേഷം രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ റിയാന്‍ പരാഗും രാഹുല്‍ തിവാട്ടിയയും വിജയം ആഘോഷിച്ചത് വ്യത്യസ്ത രീതികളില്‍. വിജയ സിക്‌സ് നേടിയശഷം പരാഗ് ആനന്ദനൃത്തം ചവിട്ടിയപ്പോള്‍ അവസാന ഓവറിനിടെ തന്നോട് മോശം വാക്കുപയോഗിച്ച ഖലീല്‍ അഹമ്മദിനോട് കണക്ക് പറയാനാണ് തിവാട്ടിയ പോയത്.

അവസാന ഓവറിലെ നാലാം പന്തില്‍ സിംഗിളെടുക്കാനായി ഓടുന്നതിനിടെയാണ് ഖലീല്‍, തിവാട്ടിയയോട് മോശമായി എന്തോ പറഞ്ഞത്. ഇതിനുള്ള മറുപടി മത്സരം ജയിച്ചശേഷമായിരുന്നു തിവാട്ടിയ നല്‍കിയത്. ഒടുവില്‍ സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

റാഷിദ് ഖാന്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ റിവേഴ്‌സ് സ്വീപ്പിലലൂടെ മൂന്ന് ബൗണ്ടറിയടിച്ചശേഷം തിവാട്ടിയ ക്രീസ് വിട്ടിറങ്ങി കളിക്കാന്‍ ശ്രമിച്ചെങ്കിലും പിഴച്ചു. വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍‌സ്റ്റോയുടെ പാഡില്‍ തട്ടി തിരിച്ചുവന്ന പന്ത് സ്റ്റംപില്‍ കൊണ്ടെങ്കിലും അമ്പയര്‍ ഔട്ട് വിളിച്ചില്ല. സണ്‍റൈസേഴ്‌സിന് റിവ്യു അവസരം ഇല്ലാതിരുന്നതിനാല്‍ റിവ്യു ചെയ്യാനുമായില്ല.

ഇതേപ്പറ്റിയുള്ള ഖലീലിന്റെ പരാമര്‍ശമാണ് തിവാട്ടിയയെ ചൊടിപ്പിച്ചത് എന്നാണ് സൂചന. കളി കഴിഞ്ഞശേഷവും രോഷാകുലനായ തിവാട്ടിയയെ തണുപ്പിക്കാന്‍ സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നതും കാണാമായിരുന്നു.