കോഹ്ലിയോട് ഐപിഎല്‍ കിരീടം നേടാനുളള വഴി ഉപദേശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് കരിയറില്‍ കിട്ടാകനിയായിട്ട് ഒരു നേട്ടമേയുളളു. അത ഐപിഎല്‍ കിരീടമാണ്. സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ഒരിക്കല്‍പോലും ഐപിഎല്‍ കിരീടം നേടാന്‍ കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇതുവരെ സാധിച്ചിട്ടില്ല.
മൂന്ന് തവണ ഫൈനലില്‍ കളിച്ചിട്ടും ഒരിക്കല്‍ പോലും കിരീടം സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ അവര്‍ കഴിഞ്ഞില്ല. ഇതോടെ ഇത്തവണ എന്തുവിലകൊടുത്തും ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ്.
നായകനായ കോഹ്ലിയ്ക്ക് പുറമെ മുന്‍ ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസണ്‍ മുഖ്യപരിശീലകനായും മുന്‍ ഓസീസ് താരം സൈമണ്‍ കാറ്റിച്ച് സഹപരിശീലകനായുമാണ് ആര്‍സിബി ഐപിഎല്ലിന് ഒരുങ്ങുന്നത്. ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ച്, ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് എന്നിവരെയെല്ലാം ആര്‍സിബി കൊണ്ടുവന്നു. പിന്നെ എബി ഡിവില്ലിയേഴ്സും ടീമിനൊപ്പമുണ്ട്.
എല്ലാ സീസണിലും മികച്ച താരങ്ങള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഐപിഎല്‍ കിരീടം നേടുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യയുടെ ഇതിഹാസങ്ങളില്‍ ഒരാളായ സുനില്‍ ഗവാസ്‌കര്‍. ”എന്തുകൊണ്ടാണ് ആര്‍സിബി കിരീടം നേടാത്തതെന്ന് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. കോഹ്ലിയും ഡിവില്ലിയേഴ്സും എല്ലാ സീസണിലും റണ്‍സ് കണ്ടെത്താറുണ്ട്. എന്നാല്‍ മറ്റുള്ള താരങ്ങളും സംഭാവന കുറഞ്ഞുപോകുന്നതാണ് ആര്‍സിബിയുടെ തോല്‍വികള്‍ കാരണമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പുതിയ കോച്ചിംഗ് സ്റ്റാഫുണ്ട്. കിരീടവരളര്‍ച്ചയ്ക്ക് ഈ വര്‍ഷം അവസാനമാകുമെന്ന് കരുതാം.” ഗവാസ്‌കര്‍ പറഞ്ഞു.
ഒരു നിര്‍ദേശം കൂടി ഗവാസ്‌കര്‍ മുന്നോട്ടുവച്ചു. കോഹ്ലി- ഡിവില്ലിയേഴ്സ് സഖ്യം ഓപ്പണ്‍ ചെയ്യണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ”പുതിയ താരങ്ങളുണ്ട് ആര്‍സിബിയില്‍. അവര്‍ക്ക് പരിചയസമ്പത്ത് കുറവാണ്. യുഎഇയിലെ സ്ലോ പിച്ചുകളില്‍ ഇരുവരും ഓപ്പണ്‍ ചെയ്യുന്നതാണ് ഉചിതം. പന്ത് പുതിയതായിരിക്കുമ്പോള്‍ ഇരുവര്‍ക്കും അനായാസം ബാറ്റ് ചെയ്യാന്‍ സാധിക്കും. ഇവര്‍ക്ക് ശേഷം പുതിയ താരങ്ങള്‍ വരുന്നത് ഗുണം ചെയ്യും.” ഗവാസ്‌കര്‍ പറഞ്ഞു.
യുഎഇ പിച്ചുകളില്‍ യൂസ്വേന്ദ്ര ചാഹലിന് കൂടുതല്‍ വിക്കറ്റുകളെടുക്കാന്‍ സാധിക്കുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. 21ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ആര്‍സിബിയുടെ ആദ്യ മത്സരം.