ഗെയില്‍ മുതല്‍ രഹാന വരെ, ഐപിഎല്ലില്‍ ഇറങ്ങാത്ത വജ്രായുധങ്ങള്‍
ഐപിഎല്‍ തുടങ്ങിയിട്ട് 10 ദിവസം പിന്നിടുമ്പോള്‍ ക്രിക്കറ്റ് ലോകം ആവേശകൊടുമുടിയിലാണ്. ഓരോ ദിവസവും മത്സരവും കൂടുതല്‍ കൂടുതല്‍ ആവേശജനകമായി മാറികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഐപിഎല്ലിലെ മുഖ്യ ആകര്‍ശകങ്ങളായ പല താരങ്ങളഉം ഇനിയും കളിക്കാന്‍ ഇറങ്ങിയിട്ടില്ല എന്നതാണ് സത്യം. ടീമില്‍ ഉണ്ടായിട്ടും പ്ലെയിംഗ് ഇലവനില്‍ അവസരം ലഭിക്കാത്തതാണ് കാരണം. അവരെ പരിചയപ്പെടുത്തുകയാണ് ഇവിടെ
ക്രിസ് ഗെയ്ല്‍ (പഞ്ചാബ്)
യൂനിവേഴ്സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന കുട്ടി ക്രിക്കറ്റിലെ സംഹാരിയ്ക്ക് ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമായ ഈ 41കാരന്‍ നിലവില്‍ ലോകമെമ്പാടുമുളള വിവിധ ഫ്രാഞ്ചൈസി ലീഗുകളിലെ അവിഭാജ്യ ഘടകമാണ്. ഐപിഎല്ലില്‍ ഈ സീസണില്‍ ആദ്യ ഘട്ടത്തില്‍ എടുക്കാ ചരടായി മാറിയ ഗെയില്‍ രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് പഞ്ചാബ് നിരയിലെത്തിയത്.
ഐപിഎല്ലിലെ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമായണ് ഗെയില്‍. ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ വ്യക്തിഗത സ്‌കോര്‍ അദ്ദേഹത്തിന്റെ (175) പേരിലാണ്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയതും ഗെയ്ല്‍ തന്നെയാണ് (326 സിക്സര്‍).
ഈ സീസണില്‍ കെഎല്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളി മായങ്ക് അഗര്‍വാളാണ്. ഇരുവരും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ ഗെയ്ലിന്റെ വഴിയടയുകയായിരുന്നു. ഇനിയുള്ള മല്‍സരങ്ങളില്‍ ജെയിംസ് നീഷാം, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരിലൊരാള്‍ക്കു പകരം ഗെയ്ല്‍ ടീമിലെത്താന്‍ സാധ്യത കൂടുതലാണ്. ഇതോടെ രാഹുല്‍, മായങ്ക് ഇവരിലൊരാള്‍ക്കു ബാറ്റിങില്‍ താഴേക്ക് ഇറങ്ങേണ്ടിവരും.
അജിങ്ക്യ രഹാനെ (ഡല്‍ഹി)
താരനിബിഡമായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിലെത്തിയതോടെ ഒരവസരം പോലും ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്ന താരമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെ. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ഈ സീസണിലാണ് അദ്ദേഹം ഡല്‍ഹിയിലേക്കു മാറിയത്. പക്ഷെ ബാറ്റിങ് ലൈനപ്പില്‍ രഹാനെയെ ഉള്‍ക്കൊള്ളിക്കാന്‍ ഡല്‍ഹിക്കായിട്ടില്ല.
140 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറികളും 27 ഫിഫ്റ്റികളുമടക്കം 3800ല്‍ അധികം റണ്‍സെടുത്തിട്ടുള്ള രഹാനെയെപ്പോലൊരു താരം തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്.
ഡല്‍ഹിക്കു വേണ്ടി ബാറ്റിങില്‍ ഏതു പൊസിഷനിലും കളിക്കാന്‍ താന്‍ തയ്യാറാണെന്നു രഹാനെ നേരത്തേ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ മടങ്ങിയെത്തണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ട്. പക്ഷെ അവസരം ലഭിക്കാതിരുന്നതോടെ ഈ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റിരിക്കുകയാണ്.
ഇമ്രാന്‍ താഹിര്‍ (സിഎസ്‌കെ)
ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നറായ ഇമ്രാന്‍ താഹിറിനെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ ഇത്തവണ ഗ്രൗണ്ടില്‍ കണ്ടിട്ടില്ല. ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍മാരില്‍ ഒരാള്‍ കൂടിയായ താഹിര്‍ മുന്‍ സീസണുകളില്‍ സിഎസ്‌കെയ്ക്കു വേണ്ടി തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ചിട്ടുണ്ട്. ചെന്നൈയ്ക്കൊപ്പം അദ്ദേഹത്തിന്റെ മൂന്നാം സീസണാണിത്.
കഴിഞ്ഞ സീസണില്‍ 26 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന് അവകാശി കൂടിയായ താഹിറിനെ ഈ സീസണില്‍ സിഎസ്‌കെ ഇതുവരെ കളിപ്പിക്കാതിരുന്നത് ആശ്ചര്യകരമാണ്. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചുകളില്‍ താഹിറിനെപ്പോലൊരു ലോകോത്തര താരത്തെ മറ്റൊരു ടീമും മാറ്റിനിര്‍ത്താനിടയില്ല. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ താഹിറിന് സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.