ആ മനുഷ്യനെ ആര്‍ക്കും വേണ്ടായിരുന്നു എന്നത് അത്ഭുതപ്പെടുത്തി, ഇന്ത്യന്‍ താരം തുറന്ന് പറയുന്നു
ന്യൂഡല്‍ഹി: നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ പുറത്തായെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കിയാണ്‍ സണ്‍റൈസസ് ഹൈദരാബാദ് മടങ്ങിയത്. ഐപിഎല്ലിലെ ആദ്യ ഘട്ടം അവസാനിച്ചപ്പോള്‍ എട്ടാം സ്ഥാനം മാത്രമായിരുന്ന ഹൈദരാബാദ് ഐപിഎല്‍ അവസാനിക്കുമ്പോള്‍ മൂന്നാം സ്ഥാവവുമായാണ് മടങ്ങിയത്.
ഇപ്പോഴിതാ ഹൈദരാബാദിന്റെ മുന്നേറ്റങ്ങള്‍ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ ഓള്‍റൗണ്ടറും വിന്‍ഡീസ് താരവുമായ ജെയ്സന്‍ ഹോള്‍ഡറെ പരാമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപണര്‍ ഗൗതം ഗംഭീര്‍. ടൂര്‍ണമെന്റ് ആരംഭിച്ച ശേഷം മിച്ചല്‍ മാര്‍ഷിന് പകരക്കാരനായാണ് സണ്‍റൈസേഴ്സ് ഹോള്‍ഡറെ ടീമിലെത്തിച്ചത്.
താരത്തിന്റെ വരവോടെയാണ് രണ്ടാം ഘട്ടത്തില്‍ ഹൈദരാബാദ് ശരിക്കും ശക്തിപ്രാപിക്കുന്നത് എന്ന് കാണാം. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീമിന്റെ തലവര മാറ്റുന്ന പ്രകടനമാണ് ഹോള്‍ഡര്‍ പുറത്തെടുത്തത്. താര ലേലത്തില്‍ ഹോള്‍ഡറെ ആര്‍ക്കും വേണ്ടായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഗംഭീര്‍ രംഗത്തെത്തിയത്.
‘ഹോള്‍ഡറെ പോലൊരു ഓള്‍റൗണ്ടറെ ലേലത്തില്‍ ആര്‍ക്കും വേണ്ടായിരുന്നു എന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ജമ്മി നീഷം, ക്രിസ് മോറിസ് തുടങ്ങിയ ഓള്‍റൗണ്ടര്‍മാര്‍ക്കൊക്കെ ആവശ്യക്കാരുണ്ടായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്ര പരിചയ സമ്പത്തുള്ള ഏകദിനത്തിലും ടെസ്റ്റിലും അത്രയേറെ പ്രതിസന്ധികള്‍ നേരിടുന്ന ഒരു ടീമില്‍ വര്‍ഷങ്ങളായി കളിക്കുന്ന ഒരു താരമാണ് ഹോള്‍ഡര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്ന ഹോള്‍ഡറെ പോലൊരു താരത്തിന് ഐപിഎല്ലിലെ സമ്മര്‍ദ്ദങ്ങളെ നിഷ്പ്രയാസം നേരിടാന്‍ സാധിക്കും’- ഗംഭീര്‍ വ്യക്തമാക്കി.
റോയല്‍ ചലഞ്ചേഴ്സിനെതിരായ ഹോള്‍ഡറുടെ പ്രകടനത്തെക്കുറിച്ചും ഗംഭീര്‍ പറഞ്ഞു. ‘തുടര്‍ച്ചയായി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമാണ് ഹോള്‍ഡര്‍. മികച്ച രീതിയില്‍ ന്യൂ ബോള്‍ എറിയുന്ന താരമാണ്. ബാംഗ്ലൂരിനെതിരെ നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഓവറില്‍ ശരാശരി 6.25 റണ്‍സാണ് വഴങ്ങുന്നത്. ഇതില്‍ കൂടുതല്‍ നിങ്ങള്‍ ഒരു വിദേശ ഓള്‍റൗണ്ടറില്‍ നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത’- ഗംഭീര്‍ ചോദിച്ചു.