ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യന്‍ താരം, അറംപറ്റുമോ?

Image 3
CricketIPL

ഐപിഎല്‍ പതിമൂന്നാം സീസണ്‍ എല്ലാ പ്രതിസന്ധികളേയും വകഞ്ഞു മാറ്റി ആവേശകരമായി മുന്നേറുകയാണ്. ടൂര്‍ണമെന്റ് പാതിവഴി പിന്നിടുമ്പോള്‍ പ്ലേ ഓഫ് ടീമുകള്‍ ആരൊക്കെയാവും എന്ന ആകാംക്ഷയും ഏറുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരുപടി കൂടി കടന്ന് ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര.

ട്വിറ്ററിലാണ് ചോപ്രയുടെ പ്രവചനം. എല്ലാ സീസണിലും ഫേവറേറ്റുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പേര് ചോപ്ര പറയുന്നില്ല.

നിലവില്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെയും ഡല്‍ഹി കാപിറ്റല്‍സിന്റെയും പേരാണ് ആകാശ് ചോപ്ര പറയുന്നത്. മുംബൈയും ഡല്‍ഹിയുമായിരിക്കുമോ ഫൈനലിസ്റ്റുകള്‍ എന്ന ചോദ്യത്തോടെയാണ് ചോപ്രയുടെ ട്വീറ്റ്.

എല്ലാ ടീമുകളും എട്ട് മത്സരങ്ങള്‍ വീതം കളിച്ചപ്പോള്‍ മുംബൈക്കും ഡല്‍ഹിക്കും 12 പോയിന്റ് വീതമാണുള്ളത്. നെറ്റ്റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് മുംബൈ തലപ്പത്ത് നില്‍ക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റിന്റെ ആധികാരിക ജയം നേടിയാണ് മുംബൈ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റ് 148 റണ്‍സില്‍ ഒതുങ്ങി. മറുപടി ബാറ്റിംഗില്‍ ക്വിന്റണ്‍ ഡികോക്കിന്റെ ഉഗ്രന്‍ അര്‍ധ സെഞ്ചുറിയില്‍(44 പന്തില്‍ 78) മുംബൈ 16.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്താല്‍ ഡല്‍ഹി വീണ്ടും തലപ്പത്തെത്തും