ഒച്ചിഴഞ്ഞ് ധോണിയുടെ വയസ്സന്‍ പട, ഡല്‍ഹിയ്ക്ക് കൂറ്റന്‍ ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ ജയം. 44 റണ്‍സിനാണ് ചെന്നൈയെ ഡല്‍ഹി പരാജയപ്പെടുത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ചെന്നൈയ്ക്ക് ഏഴ് വിക്കറ്റിന് 131 റണ്‍സെടുക്കാനെ ആയുളളു.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്്ക്കായി ഓപ്പണര്‍ പൃത്ഥി ഷായുടെ അര്‍ധ സെഞ്ച്വറിയാണ് കരുത്തായത്. 43 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 64 റണ്‍സാണ് പൃത്ഥി നേടിയത്. ശിഖകര്‍ ധവാന്‍ 35ഉം ശ്രേയസ് അയ്യര്‍ 26ഉം റണ്‍സെടുത്ത് പുറത്തായി. 37 റണ്‍സുമായി റിഷഭ് പന്തും അഞ്ച് റണ്‍സുമായി സ്റ്റോണ്‍സും പുറത്താകാതെ നിന്നു.


ചെന്നൈയ്ക്കായി പിയൂഷ് ചൗള രണ്ട് വിക്കറ്റ് വീഴ്ത്തി. സാം കുറണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി ബാറ്റെടുത്തവരെല്ലാം മെല്ലപ്പോക്ക് നടത്തിയതാണ് ടീമിന് തിരിച്ചടിയായത്. 35 പന്തില്‍ നാല് ഫോര്‍ സഹിതം 43 റണ്‍സെടുത്ത ഡുപ്ലെസിസ് ആണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. മുരളി വിജയ് 15 പന്തില്‍ 10 റണ്‍സ് ഷെയ്ന്‍ വാട്‌സണ്‍ 16 പന്തില്‍ 14 റണ്‍സ് ഗെയ്ക്ക് വാദ് 10 പന്തില്‍ അഞ്ച് റണ്‍സ് കേദര്‍ ജാദവ് 21 പന്തില്‍ 26 റണ്‍സ് ധോണി 12 പന്തില്‍ 15 റണ്‍സ് ജഡേജ ഒന്‍പത് പന്തില്‍ 12 റണ്‍സ് എന്നിങ്ങനെയായിരുന്നു പുറത്തായ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

ഡല്‍ഹിയ്ക്കായി റബാഡ മൂന്ന് വിക്കറ്റും നോര്‍ത്ത്‌ജെയും രണ്ട് വിക്കറ്റും വീഴ്ത്തി.

You Might Also Like