ഐപിഎല്‍ നടത്തിയതിന് യുഎഇയ്ക്ക് ബിസിസിഐ നല്‍കിയ തുക കേട്ടാല്‍ ഞെട്ടും

Image 3
CricketIPL

ഇന്ത്യന്‍ പ്രീമിയര്‍ ലീഗീന് യുഎഇയില്‍ വേദിയൊരുക്കിയതിന് ബിസിസിഐ നല്‍കിയത് വന്‍തുക. ഉദ്ദേശം 100 കോടി രൂപയാണ് ബിസിസിഐ കുറ്റമറ്റരീതിയില്‍ ഐപിഎല്‍ നടത്തിയതിന് യുഎഇ സര്‍ക്കാറിന് നല്‍കിയത്.

യുഎഇയിലെ ഷാര്‍ജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലെ മൂന്ന് സ്റ്റേഡിയങ്ങളിലാണ് ഐപിഎല്‍ മത്സരങ്ങള്‍ നടന്നത്. ഒരു മാസത്തിലധികം നീണ്ട ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാണ് നടന്നത്.

ഇന്ത്യയില്‍ 60 കളികളില്‍ നിന്ന് 60 കോടി വരുമാനം ബിസിസിഐക്ക് ലഭിക്കുമായിരുന്നു. ഒരു ഐപിഎല്‍ മത്സരം നടത്തിയാല്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് 1 കോടി രൂപയാണ് ലഭിക്കുക. ഒരു മത്സരത്തിന് വേദിയൊരുക്കുന്നതിന് ഫ്രാഞ്ചൈസികള്‍ നല്‍കേണ്ട ഹോസ്റ്റിങ് ഫീ 30 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായും ബിസിസിഐ അടുത്തിടെ ഉയര്‍ത്തിയിരുന്നു.

100 കോടി ബിസിസിഐ നല്‍കിയതിന് പുറമെ യുഎഇയിക്ക് വലിയ സാമ്പത്തിക ലാഭം ഐപിഎല്‍ നേടിക്കൊടുത്തിട്ടുണ്ട്. മൂന്ന് മാസത്തേക്കായി 14 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഐപിഎല്ലിന്റെ ഭാഗമായി നിറഞ്ഞിരിക്കുകയായിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വരും എന്ന അവസ്ഥ മുന്‍പിലെത്തിയെങ്കിലും യുഎഇയില്‍ വേദിയൊരുക്കി ബയോ ബബിളിന്റെ സുരക്ഷയില്‍ ബിസിസിഐ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുകയായിരുന്നു. യുഎഇക്ക് പുറമെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ച് എത്തിയിരുന്നു. എന്നാല്‍ യുഎഇലേക്ക് പറക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം.