ഐപിഎല്ലിന് മുമ്പ് നിര്‍ണ്ണായക നീക്കവുമായി ഡല്‍ഹി, ഇത്തവണ രണ്ടും കല്‍പിച്ച്

Image 3
Uncategorized

പുതിയ ഐപിഎല്‍ സീസണ് മുന്നോടിയായി മറ്റൊരു നിര്‍ണ്ണായക നീക്കവുമായി ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സ്. ഓസ്ട്രേലിയന്‍ മുന്‍ പേസര്‍ റയാന്‍ ഹാരിസിനെ ബൗളിംഗ് പരിശീലകനായി നിയമിച്ചാണ് ഡല്‍ഹി ഐപിഎല്‍ ഒരുക്കങ്ങള്‍ സജീവമാക്കിയത്.

ഐപിഎല്‍ 13-ാം എഡിഷന്‍ സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കേയാണ് ഫ്രാഞ്ചൈസിയുടെ നിര്‍ണായക പ്രഖ്യാപനം. ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗ്, ഇന്ത്യന്‍ മുന്‍താരം മുഹമ്മദ് കൈഫ് എന്നിവര്‍ക്കൊപ്പാണ് 40കാരനായ ഹാരിസ് പ്രവര്‍ത്തിക്കുക.

കഴിഞ്ഞ രണ്ട് സീസണുകളിലും ബൗളിംഗ് പരിശീലകനായിരുന്ന ജയിംസ് ഹോപ്സിന് പകരക്കാരനായാണ് റയാന്‍ ഹാരിസിന്റെ വരവ്. വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണ ടീമിനൊപ്പം ചേരാനാവില്ലെന്ന് ഹോപ്സ് അറിയിച്ചിരുന്നു.

‘ഐപിഎല്ലിലേക്കുള്ള വരവ് സന്തോഷം നല്‍കുന്നു. ഐപിഎല്‍ ട്രോഫി ഉയര്‍ത്താനുള്ള ഫ്രാഞ്ചൈസിയുടെ സ്വപ്നങ്ങള്‍ക്ക് തന്റെ സംഭാവനകള്‍ നല്‍കാനുള്ള മികച്ച അവസരമാണ് ഇത്. ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച ബൗളിംഗ് നിരയുണ്ട്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കാനാവില്ല’ റയാന്‍ ഹാരിസ് വ്യക്തമാക്കി.

ഓസ്ട്രേലിയക്കായി 27 ടെസ്റ്റുകളും 21 ഏകദിനങ്ങളും മൂന്ന് ടി30 കളിച്ചിട്ടുണ്ട് റയാന്‍ ഹാരിസ്. രാജ്യാന്തര ക്രിക്കറ്റില്‍ 160 വിക്കറ്റാണ് സമ്പാദ്യം. എന്നാല്‍ തുടര്‍ച്ചയായ പരിക്ക് താരത്തിന്റെ കരിയറിനെ വലച്ചു. ഐപിഎല്ലില്‍ 37 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനൊപ്പം കപ്പുയര്‍ത്തി. 2015ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ഹാരിസ് ഓസ്ട്രേലിയന്‍ ടീമിനൊപ്പവും ബിഗ്ബാഷിലും ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.