ഇത്തവണ ഐപിഎല്‍ നടക്കുക ആ നഗരത്തില്‍ മാത്രം, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോവിഡ് ഭീഷണി ഒഴിയാത്ത സാഹചര്യം പരിഗണിച്ച് ഐപിഎല്‍ 14ാം സീസണും നടക്കുക കൂടുതല്‍ ക്രമീകരണങ്ങളോടെ. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഇന്ത്യയില്‍ തന്നെയായിരിക്കും ഐപിഎല്‍ നടക്കുക. എന്നാല്‍ ഒരൊറ്റ നഗരം കേന്ദ്രീകരിച്ചാകും മത്സരം ഉണ്ടാകുക.

മുംബൈയിലായിരിക്കും ഐപിഎല്ലിന്റെ ലീഗ് മത്സരങ്ങളെല്ലാം നടക്കുക. പ്ലേ ഓഫിന് അഹമ്മദാബാദും വേദിയായേക്കും. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉടമകളില്‍ ഒരാളായ പാര്‍ത്ത് ജിന്‍ഡാല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗോവയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നടത്താമെങ്കില്‍, മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവ ഇന്ത്യയില്‍ നടത്താമെങ്കില്‍ ഇത്തവണത്തെ ഐപിഎല്ലും ഇന്ത്യയില്‍ ത്തന്നെ സംഭവിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി ജിന്‍ഡാല്‍ പറയുന്നു.

”ഒരു വേദിയില്‍ (നഗരത്തില്‍) ലീഗ് ഘട്ടവും, മറ്റൊരു വേദിയില്‍ പ്ലേ ഓഫ് ഘട്ടവും നടത്തുന്നതിനെക്കുറിച്ച് അവര്‍ (ബിസിസിഐ) ആലോചിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുംബൈ ഒരു വേദിയാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സംസാരമുണ്ട്. കാരണം അവിടെ മൂന്ന് മികച്ച ഗ്രൗണ്ടുകളുണ്ട് (വാംഖഡെ സ്റ്റേഡിയം, ബ്രാബോണ്‍ സ്റ്റേഡിയം, ഡി വൈ പാട്ടീല്‍ സ്റ്റേഡിയം). ഒപ്പം ആവശ്യത്തിന് പരിശീലന സൗകര്യങ്ങളും. മൊട്ടേറ സ്റ്റേഡിയം (അഹമ്മദാബാദ്) നോക്കൗട്ട് വേദിയാകാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇതെല്ലാം ഞാന്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ മാത്രമാണ്.” പാര്‍ത്ത് ജിന്‍ഡാല്‍ കൂട്ടിചേര്‍ത്തു.

അതെസമയം ഐപിഎല്‍ താരലേലം ഇതിനോടകം തന്നെ നടന്ന് കഴിഞ്ഞു. ഏപ്രില്‍ പകുതിയോടെ ഐപിഎല്‍ നടന്നേക്കും എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരം.

You Might Also Like