ഐപിഎല്‍ 13ാം സീസണിന് സര്‍വ്വകാല റെക്കോര്‍ഡ്, അമ്പരന്ന് ക്രിക്കറ്റ് ലോകം

Image 3
CricketIPL

ഐപിഎല്‍ പതിമൂന്നാം സീസണിലെ കാണികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 28 ശതമാനം അധിക കാഴ്ചക്കാരാണ് ഇത്തവണ ഐപിഎലിനു ലഭിച്ചത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ യുഎഇയിലാണ് ഇത്തവണ ഐപിഎല്‍ നടന്നത്. കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നതുമില്ല.

അതേസമയം, അടുത്ത സീസണില്‍ ടീമുകളുടെ എണ്ണം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ 8 ടീമുകളുള്ള ഐപിഎലില്‍ ഒരു ടീമിനെയും കൂടി ഉള്‍പ്പെടുത്തി ആകെ 9 ടീമുകളാവും അടുത്ത സീസണില്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഒരു ടീം കൂടി വരുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം മെഗാ ലേലം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെഗാ ലേലത്തിനു തയ്യാറെടുക്കാന്‍ ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.

ഐപിഎല്‍ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് ആണ് ചാമ്പ്യന്മാരായത്. അഞ്ചാമത്തെ ഐപിഎല്‍ കിരീടമാണ് ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആധികാരികമായി കീഴ്‌പ്പെടുത്തി മുംബൈ സ്വന്തമാക്കിയത്. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡല്‍ഹിയെ കീഴ്‌പ്പെടുത്തിയത്.

157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ജയത്തിന്റെ സൂത്രധാരന്‍. ഇഷാന്‍ കിഷന്‍ (33), ക്വിന്റണ്‍ ഡികോക്ക് (20) എന്നിവരും മുംബൈ സ്‌കോറിലേക്ക് സംഭാവന നല്‍കി. ഡല്‍ഹിക്ക് വേണ്ടി ആന്റിച് നോര്‍ക്കിയ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ തുടര്‍ച്ചയായ രണ്ടാമത്തെയും ആകെ അഞ്ചാമത്തെയും കിരീടമാണ് മുംബൈ നേടിയത്.