അയാള്‍ ബാറ്റുമായി വരുമ്പോള്‍ പേടിപ്പെടുത്തിയിരുന്നു, പെട്ടെന്ന് മടങ്ങാന്‍ പ്രാര്‍ത്ഥിച്ചിരുന്നു

പ്രണവ് തെക്കേടത്ത്

ജന്മദിനാശംസകള്‍ ഇന്‍സമാം

ബാറ്റുമായി ക്രീസിലേക്ക് നടന്നു വരുന്ന ഈ രൂപം പേടിപെടുത്തിയ ഒരു കുട്ടിക്കാലമുണ്ടായിരുന്നു എനിക്ക്,സ്പിന്നേഴ്സിനെയും ഫാസ്റ്റ് ബൗളേഴ്സിനെയും ഒരുപോലെ പ്രഹരിക്കുന്ന ആ മുഖം പെട്ടെന്ന് പവലിയനിലേക്ക് നടന്നകലാന്‍ പ്രാര്‍ത്ഥിചൊരു കുട്ടിക്കാലം.

ശക്തികൊണ്ട് ബോളുകള്‍ അടിച്ചകറ്റുന്ന ആ മുഖം ക്രീസിലുള്ള നിമിഷം വരെ എതിര്‍ ടീം ജയം പ്രതീക്ഷിക്കാത്ത ഒരു കാലമുണ്ടായിരുന്നു, ശക്തിയോടെ അടിച്ചകറ്റുമ്പോഴും മനസ്സിനെ കുളിരണിയിക്കുന്ന ഭംഗിയുള്ള ഷോട്ടുകളും അയാളില്‍ നിന്ന് പിറവി കൊള്ളുമായിരുന്നു ..

തന്റെ ഇരുപത്തി രണ്ടാം വയസ്സില്‍ 1992 വേള്‍ഡ് കപ്പിലെ സെമിയില്‍ കിവികളുടെ പ്രിയപ്പെട്ട നായകനായിരുന്ന മാര്‍ട്ടിന്‍ ക്രോയുടെ കണ്ണീരു ഈഡന്‍ പാര്‍ക്കില്‍ വീഴ്ത്തി തുടങ്ങിയ ആ കരിയര്‍ പിന്നീട് ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു, മിയാന്‍ദാദിന് ശേഷം പാകിസ്താന്റെ ആ മധ്യനിര അയാളായിരുന്നു ഒരുപാട് വര്‍ഷങ്ങള്‍ പിന്നീട് താങ്ങി നിര്‍ത്തിയത്.

ഫാസ്റ്റ് ബൗളേഴ്സിനെ നേരിടാന്‍ ഇയാള്‍ക്ക് മാത്രം ലഭിക്കുന്ന ആ ടൈം ഒരുപാട് എന്നെ ആശ്ചര്യപെടുത്തിയിരുന്നു, അതെ അയാളില്‍ നിറഞ്ഞു തുളമ്പിയ ക്രിക്കറ്റ് കഴിവുകളില്‍ ഒന്നായിരുന്നു അനായാസമായി വേഗതയേറിയ ബോളേഴ്‌സിനെ അയാള്‍ നേരിട്ട ആ നിമിഷങ്ങള്‍

കരിയറിലുടനീളം വിക്കറ്റിനിടയിലെ ഓട്ടത്തില്‍ പഴി കേട്ടിരുന്നെങ്കിലും ഒരുപാട് മികച്ച ഇന്നിങ്സുകള്‍ അയാള്‍ തന്റെ രാജ്യത്തിനു വേണ്ടി കളിച്ചിരുന്നു 1994 ലെ കറാച്ചി ടെസ്റ്റില്‍ അവസാന വിക്കറ്റില്‍ മുഷ്താഖ് അഹമ്മദിനെ കൂട്ടുപിടിച്ചു പാകിസ്താനെ ജയിപ്പിച്ചതും, 2003ല്‍ ബംഗ്ലാദേശിനെതിരെ 138 റണ്‍സ് നേടി തോല്‍വിയില്‍ നിന്നും സ്വന്തം രാജ്യത്തെ കരകയറ്റിയതുമെല്ലാം കരിയറിലെ അയാളുടെ ചില നല്ല നിമിഷങ്ങളായിരുന്നു…..

പാകിസ്താന് വേണ്ടി രണ്ട് ഫോര്മാറ്റുകളിലുമായി ഇരുപത്തിനായിരത്തിന് മുകളില്‍ റന്‍സുകളും ,ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടവും പേരിലാവുമ്പോഴും ,വിക്കറ്റിനിടയില്‍ കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തിയിരുന്നെങ്കില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണക്കുകളില്‍ അയാള്‍ കുറച്ചു കൂടി മികച്ചു നിന്നേനെ എന്ന് തോന്നിയിട്ടുണ്ട് ..

നായകനായും കളിക്കാരനായും പാക്കിസ്ഥാന്‍ ടീമിനെ സേവിച്ച ഇന്‍സമാം കഴിവിന്റെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ പല ഇതിഹാസങ്ങള്‍ക്കിടയിലും സ്ഥാനമര്ഹിക്കുന്നുവെന്ന് നമുക്ക് നിസംശയം പറയാം, അതെ ലോകം കണ്ട മികച്ച ബാറ്‌സ്മാന്മാരുടെ എലൈറ്റ് ലിസ്റ്റില്‍ വാഴ്ത്തപ്പെടേണ്ട നാമം തന്നെയാണ് ഇന്‍സമാം ഉള്‍ഹഖ് എന്നത്

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like