റൂട്ട് വരെ 5 വിക്കറ്റ് വീഴ്ത്തുന്നിടത്ത് അശ്വിനേയും അക്‌സറിനേയും പ്രശംസിക്കണോ?, ആഞ്ഞടിച്ച് പാക് സൂപ്പര്‍ താരം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനായി അഹമ്മദാബാദില്‍ ഒരുക്കിയ സ്പിന്‍ പിച്ചിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖും. ഇത്തരം പിച്ചുകള്‍ ടെസ്റ്റ് ക്രിക്കറ്റിന് നല്ലതല്ലെന്ന് ഇന്‍സമാം തുറന്ന് പറയുന്നു.

‘രണ്ട് ദിവസം കൊണ്ട് ഒരു ടെസ്റ്റ് മത്സരം അവസാനിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? ഇതിനു മുന്‍പ് രണ്ട് ദിവസംകൊണ്ട് ഒരു ടെസ്റ്റ് അവസാനിച്ചത് എന്റെ ഓര്‍മയില്‍ പോലുമില്ല. ഇന്ത്യ നന്നായി കളിച്ചതുകൊണ്ടാണോ അതോ പിച്ച് മോശമായതുകൊണ്ടാണോ അങ്ങനെ സംഭവിച്ചത്? ഇത്തരം പിച്ചുകളില്‍ ടെസ്റ്റ് മത്സരങ്ങള്‍ നടത്താന്‍ പാടുണ്ടോ?’ ഇന്‍സമാം ചോദിച്ചു.

ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ വീഴ്ത്തിയ ഇന്ത്യ, ഇംഗ്ലണ്ടിനെതിരെയും മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്ന് ഇന്‍സമാം പറഞ്ഞു.

‘ഇന്ത്യ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ തോറ്റശേഷം ശക്തമായി തിരിച്ചുവന്നിരുന്നു. പക്ഷേ, ഇത്തരത്തിലൊരു പിച്ച് തയാറാക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണെന്ന് ഞാന്‍ കരുതുന്നില്ല’ ഇന്‍സമാം പറഞ്ഞു.

‘അഹമ്മദാബാദ് ടെസ്റ്റിന്റെ സ്‌കോര്‍ ബോര്‍ഡിനേക്കാള്‍ ഭേദം ട്വന്റി20 മത്സരത്തിന്റെ സ്‌കോര്‍ ബോര്‍ഡാണ്. ഇത്തരം പിച്ചുകള്‍ക്കെതിരെ ഐസിസി നടപടി കൈക്കൊള്ളണം. രണ്ട് ദിവസം പോലും നീണ്ടു നില്‍ക്കാത്ത ടെസ്റ്റിന് തയാറാക്കിയ പിച്ച് എന്തൊരു പിച്ചാണ്? ഒരു ദിവസത്തിനുള്ളില്‍ 17 വിക്കറ്റുകളാണ് നിലംപൊത്തിയത്. എന്തൊരു അവസ്ഥയാണിത്? നാട്ടില്‍ കളിക്കുമ്പോള്‍ അതിന്റേതായ ആനുകൂല്യങ്ങള്‍ അനുഭവിക്കാം. അതിനായി സ്പിന്‍ വിക്കറ്റ് തയാറാക്കുന്നതിലും തെറ്റില്ല. പക്ഷേ, ഇത്തരം പിച്ചുകളൊരുക്കുന്നത് ശരിയല്ല’ ഇന്‍സമാം പറഞ്ഞു.

You Might Also Like