പന്തിനെ പോലൊരു താരത്തെ ഇതുവരെ കണ്ടിട്ടില്ല, തുറന്ന് പറഞ്ഞ് പാക് സൂപ്പര്‍ താരം

Image 3
CricketTeam India

ഓസ്‌ട്രേലിയക്ക് പുറമെ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായക സാന്നിധ്യമായി മാറിയവിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ പ്രശംസകൊണ്ട് മൂടി മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. റിഷഭ് പന്തിനെ പോലൊരു താരത്തെ ഇതുവരെ കണ്ടിട്ടേയില്ലെന്നാണ് മറ്റുളളരെ പ്രശംസിക്കാന്‍ പിശുക്ക് കാട്ടാറുളള ഇന്‍സമാം തുറന്ന് പറയുന്നത്.

പന്ത് ബാറ്റ് ചെയ്യുമ്പോഴെല്ലാം വീരേന്ദര്‍ സെവാഗിന്റെ ഇടംകൈ പതിപ്പായിട്ടാണ് തനിക്ക് തോന്നിയതെന്നും ഇന്‍സമാം ചൂണ്ടിക്കാട്ടി. സമ്മര്‍ദമൊന്നും പന്തിനെ ബാധിക്കാറേയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലിലായിരുന്നു ഇന്‍സമാമിന്റെ അഭിനന്ദനം.

‘ശരിക്കും മിടുക്കനാണ് റിഷഭ് പന്ത്. സമ്മര്‍ദം തെല്ലും ബാധിക്കാത്ത ഒരു കളിക്കാരനെ വളരെക്കാലത്തിനു ശേഷമാണ് ഞാന്‍ കാണുന്നത്. ടീം ആറിന് 146 എന്ന അവസ്ഥയില്‍ നില്‍ക്കുകയാണെങ്കിലും പന്ത് ഇന്നിങ്സ് ആരംഭിക്കുന്ന പോലെ മറ്റാരും ചെയ്യില്ല. പിച്ചോ മറ്റേ ടീം എത്ര റണ്‍സ് സ്‌കോര്‍ ചെയ്തെന്നോ ഒന്നും നോക്കാതെ അദ്ദേഹം അദ്ദേഹത്തിന്റെ ഷോട്ടുകള്‍ കളിക്കുന്നു’.

‘സ്പിന്നര്‍മാര്‍ക്കും ഫാസ്റ്റ് ബൗളര്‍മാര്‍ക്കുമെതിരേ ഒരേപോലെ മികവ് പുലര്‍ത്താന്‍ പന്തിന് സാധിക്കുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ് ഞാന്‍ നന്നായി ആസ്വദിക്കാറുണ്ട്. സെവാഗ് ഇടതു കൈകൊണ്ട് ബാറ്റ് ചെയ്യുന്നത് പോലെയാണ് പന്തിനെ കാണുമ്പോള്‍ തോന്നുക’- ഇന്‍സമാം വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റ് പന്ത് സെഞ്ച്വറി നേടിയത് ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം നേടിക്കൊടുത്തിരുന്നു. മുന്‍ നിര തകര്‍ന്ന വേളയിലായിരുന്നു പന്ത് അവിശ്വസനീയമായി ബാറ്റ് ചെയ്ത് ഇന്ത്യയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചത്.