ടീം ബസില്‍ എന്റെ കൂടെയിരിക്കാം, സഞ്ജുവിന്റെ കരുതല്‍ കണ്ട് ഞെട്ടി മാധ്യമ പ്രവര്‍ത്തകന്‍

Image 3
CricketTeam India

ഇന്ത്യന്‍ ടീമില്‍ ഇതുവരെ സ്ഥിരസാന്നിദ്ധ്യമാകാത്ത താരമാണ് സഞ്ജു സാംസണ്‍. സ്‌ക്വാഡിലുണ്ടെങ്കിലും പലപ്പോഴും കളിക്കാന്‍ അവസരം ലഭിക്കാറില്ല. എന്നാല്‍ മറ്റ് താരങ്ങളെ അപേക്ഷിച്ച് സഞ്ജുവിനുളള ആരാധക പിന്തുണ വളരെ വലുതാണ്. ലോകത്ത് എവിടെ ചെന്നാലും സഞ്ജുവിനെ തേടി ആരാധകരെത്താറുണ്ട്.

ആരാധകരോട് സഞ്ജു കാണിക്കുന്ന കലര്‍പ്പില്ലാത്ത സ്‌നേഹമാണ് താരത്തെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇത്തരത്തിലൊരു സംഭവം വെളിപ്പെടുത്തുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിമല്‍ കുമാര്‍. നിലവില്‍ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി വെസ്റ്റിന്‍ഡീസിലാണ് വിമല്‍കുമാറുളളത്. അവിടെ വച്ച് സഞ്ജുവുമായി സംസാരിച്ചപ്പോവുള്ള അനുഭവത്തെക്കുറിച്ചാണ് വിമല്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്.

സഞ്ജു സാംസണ്‍ തന്റെ മനസ് കീഴടക്കിയിരിക്കുകയാണെന്നും അതില്‍ താന്‍ എത്ര മാതം സന്തോഷവാനാണെന്നും വിമല്‍കുമാര്‍ പറയുന്നു. താന്‍ കേരളത്തില്‍ നിന്നുള്ളയാളല്ല. മാത്രമല്ല സഞ്ജുവിനെ നേരത്തേ ഞാന്‍ ഒരുപാട് തവണ കാണുകയോ, അദ്ദേഹവുമായി സൗഹൃദമോ ഉണ്ടായിട്ടില്ല. എന്നിട്ടും സഞ്ജുവിന്റെ പെരുമാറ്റം തന്നെ അമ്പരപ്പിച്ചതായി വിമല്‍കുമാര്‍ വെളിപ്പെടുത്തുന്നു.

‘വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുമായൊക്കെ തനിക്കു നല്ല അടുപ്പമാണുള്ളത്. പക്ഷെ സഞ്ജുവുമായി അങ്ങനെയൊരു ബന്ധമില്ല. ഐപിഎല്ലിന്റെ സമയത്ത് ഒരു തവണ അദ്ദേഹത്തിന്റെ അഭിമുഖമെടുത്തതു മാത്രമാണ് ഒരേയൊരു സംഭവം’ വിമല്‍ പറയുന്നു.

നമ്മളോടു ഹലോ പറയാന്‍ പോലും ബുദ്ധിമുട്ടുള്ള, മടികാണിക്കുന്ന നിരവധി സൂപ്പര്‍ താരങ്ങളുണ്ട്. അവരെക്കുറിച്ച് ഞാന്‍ പറയുന്നില്ല. അവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് സഞ്ജു സാംസണെന്നു പറയാന്‍ സാധിക്കും. ഇവിടെ ഗ്രൗണ്ടില്‍ വച്ച് അദ്ദേഹം പരിശീലനത്തിനു എത്തിയപ്പോഴാണ് എനിക്കു സഞ്ജുവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചത്. വിന്‍ഡീസുമായുള്ള ആദ്യ ടി20യുടെ വേദി ഇവിടെ നിന്നും വളരെ ദൂരെയാണല്ലോ എന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ഇവിടെ നിന്നും ഒരു മണിക്കൂറോളം യാത്രയുണ്ട്. എനിക്കു അവിടെ എത്താല്‍ വലിയ ബുദ്ധിമുട്ടാണെന്നും സഞ്ജുവിനോടു ഞാന്‍ പറയുകയായിരുന്നു’

‘നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം വരൂ എന്നായിരുന്നു അപ്പോള്‍ സഞ്ജു സാംസണിന്റെ മറുപടി. അദ്ദേഹം കളിയാക്കുകയാണെന്നാണ് ഇതു കേട്ടപ്പോള്‍ എനിക്കു ആദ്യം തോന്നിയത്. ഞാന്‍ ആശ്ചര്യപ്പെട്ടു നിന്നപ്പോള്‍ എന്താ, നിങ്ങള്‍ക്കു വരാന്‍ കഴിയില്ലേയെന്നു സഞ്ജു വളരെ നിഷ്‌കളങ്കമായി തന്നോടു ചോദിക്കുകയും ചെയ്തു’ വിമല്‍കുമാര്‍ പറയുന്നു.

ഇതു കേട്ടപ്പോള്‍ വലിയ സന്തോഷമാണ് തനിയ്ക്ക് തോന്നിയതെന്നും ഇല്ല എനിക്കു വരാന്‍ കഴിയില്ലയെന്നു ഞാന്‍ അദ്ദേഹത്തിനു മറുപടി നല്‍കി വിമല്‍ കുമാര്‍ വെളിപ്പെടുത്തി.

നിങ്ങള്‍ ഇവിടെ തന്നെയുള്ളയാള്‍ തന്നെയാണോ അതോ മല്‍സരം കവര്‍ ചെയ്യാന്‍ ഇന്ത്യയില്‍ നിന്നും വന്നതാണോയെന്നു സഞ്ജു സാംസണ്‍ തുടര്‍ന്നു എന്നോടു ചോദിച്ചു. ഈ പരമ്പരയ്ക്കു വേണ്ടി ഞാന്‍ ഇന്ത്യയില്‍ നിന്നും വന്നതാണെന്നു അദ്ദേഹത്തിനു മറുപടിയും നല്‍കി.

നിങ്ങള്‍ക്കു എന്നെ മനസ്സിലായില്ലേയെന്നും ഐപിഎല്ലില്‍ നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ഭാഗമായിരുന്നപ്പോള്‍ ഞാന്‍ അഭിമുഖം എടുത്തിരുന്നതായും സഞ്ജുവിനോടു പറഞ്ഞു. ഇല്ല തനിക്ക് ഓര്‍മയില്ലെന്നു വളരെ വിനയത്തോടെ സഞ്ജു ഇതിനു മറുപടിയും നല്‍കിയതായി വിമല്‍ വിശദമാക്കി.

തുടര്‍ന്ന് സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി എന്നെ ടീമിനൊപ്പം മല്‍സരവേദിയിലേക്കു യാത്ര ചെയ്യാന്‍ ക്ഷണിച്ചു. നിങ്ങള്‍ക്കു എന്റെ സീറ്റില്‍ ഇരിക്കാമെന്നും സഞ്ജു പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മാര്‍ഥമായുള്ള ക്ഷണം സ്നേഹത്തോടെ തന്നെ ഞാന്‍ നിരസിക്കുകയായിരുന്നു. ബിസിസിഐയുടെ പ്രോട്ടോക്കോള്‍ പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ക്കോ, പുറമെ നിന്നുള്ള മറ്റുള്ളവര്‍ക്കോ ടീമിനൊപ്പം യാത്ര ചെയ്യാനുള്ള അനുമതിയില്ലെന്നും വിമല്‍ പറയുന്നു.

സഞ്ജു സാംസണിന്റെ ഈ തരത്തിലുള്ള ക്ഷണവും പെരുമാറ്റവുമെല്ലാം കണ്ടപ്പോള്‍ അദ്ദേഹത്തില്‍ നല്ലൊരു ലീഡറെ എനിക്കു കാണാന്‍ സാധിച്ചു. രോഹിത് ശര്‍യുടെ സ്വഭാവം ഇതു പോലെ തന്നെയാണ്. ശിഖര്‍ ധവാനും ഇങ്ങനെ തന്നെയാണ്. ഒരാള്‍ നല്ലൊരു ലീഡറായി മാറുന്നത് ഈ തരത്തിലുള്ള പെരുമാറ്റത്തിലൂടെയാണ്. ഉയര്‍ന്ന ചിന്തകളുള്ള ഒരാള്‍ക്കു മാത്രമേ നല്ലൊരു ലീഡറാവാന്‍ സാധിക്കുകയുള്ളൂ. സഞ്ജു ഇക്കൂട്ടത്തില്‍ പെടുന്നയാളാണ്.

അത്ര പരിചയം പോലും ഇല്ലാതിരുന്നിട്ടും സഞ്ജുവിന്റെ എന്നോടുള്ള പെരുമാറ്റം അതിശയിപ്പിച്ചു. ഞാന്‍ ഇന്ത്യക്കാരനായതിനാലും ഇവിടെ തനിച്ചായതിനാലും സഹായം ആവശ്യമാണെന്നും മനസ്സിലാക്കിയാണ് അദ്ദേഹം പെരുമാറിയത്. സഞ്ജുവിന്റെ ഈ കരുതലില്‍ ഏറെ സന്തോഷം തോന്നിയതായും വിമല്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.