എന്റെ രണ്ടാമത്തെ ഏറ്റവും വലിയ നഷ്ടമാണ് ഐപിഎല്‍ കളിക്കാനാകാത്തത്, തുറന്ന് പറഞ്ഞ് ക്ലൂസ്നര്

ഐപിഎല്‍ കളിക്കാനാകാത്തതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ നഷ്ടമന്നെ് ദക്ഷിണാഫ്രിക്കന്‍ മുന്‍ സൂപ്പര്‍ താരം ലാന്‍സ് ക്ലൂസ്നര്. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ക്ലൂസ്നര് ഇക്കാര്യം തുറന്ന് പറഞ്ഞത്.
‘ലോകകപ്പ് നേട്ടമാണ് എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടം. ഐപിഎലാകും എന്റെ നഷ്ടസ്വപ്നങ്ങളില് രണ്ടാമത്തേത്. 3 വര്‍ഷം മുന്‍പു മുംബൈ ഇന്ത്യന്‍സിന്റെ കോച്ചിങ് സ്റ്റാഫില്‍ അംഗമാകാന്‍ ക്ഷണം ലഭിച്ചതാണ്. പക്ഷേ, അന്ന് വരാന്‍ പറ്റിയില്ല’ ക്ലൂസ്നര് പറഞ്ഞു.
1999ലെ ലോകകപ്പ് ഓര്‍മ്മകളും ക്ലൂസ്നര് പങ്കുവെച്ചു. ‘ എന്റെ കരിയറിലെ മറക്കാനാവാത്ത മത്സരമാണ് 1999 ലോകകപ്പിലെ ഓസ്ട്രേലിയയ്ക്കെതിരായ സെമി. ഗ്രൂപ്പ് ഘട്ടത്തില്‍ സിംബാബ്വെയോടു തോറ്റതു മുതല്‍ ഞങ്ങള്‍ സമ്മര്‍ദത്തിലായിരുന്നു. നിര്‍ഭാഗ്യവശാല്‍ സെമി സമനിലയിലായി. ഞങ്ങള്‍ പുറത്തുമായി. അന്നു ജയിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ലോകകപ്പ് നേടുമായിരുന്നുവെന്ന് പറയാന്‍ കഴിയില്ല. കാരണം, പാക്കിസ്ഥാന് മികച്ച ടീമായിരുന്നു’ ക്ലൂസനര്‍ പറയുന്നു.
ഇന്ത്യന്‍ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയേയുംവിരാട് കോഹ്ലിയേയും ക്ലൂസ്നര് പ്രശംസകൊണ്ട് മൂടി. ‘രാജ്യാന്തര ക്രിക്കറ്റിലെ ഇന്ത്യന്‍ ഇതിഹാസങ്ങളാണ് ഇരുവരും. ഫിനിഷര്‍മാരെന്ന നിലയില്‍ ഇവരുടെ പ്രകടനം ഞാന്‍ ആസ്വദിക്കാറുണ്ട്. ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങി വാലറ്റക്കാരെ വരെ കൂട്ടുപിടിച്ച് മത്സരം തീര്‍ക്കുന്നതില്‍ മിടുക്കനാണ് എംഎസ്; ഏറെക്കുറെ എന്നെപ്പോലെതന്നെ! ടോപ് ഓര്‍ഡറില്‍ ഇറങ്ങി അവസാനംവരെ പിടിച്ചുനിന്ന് മത്സരം ഫിനിഷ് ചെയ്യുന്നവരാണു കോലിയെപ്പോലെയുള്ളവര്‍. ഞാനും ധോണിയുമൊക്കെ അവസാനം ഇറങ്ങി, കിട്ടുന്ന ബോളര്‍മാരെയെല്ലാം അടിച്ചുപറത്തുന്ന വെടിക്കെട്ടുകാരാണ്. ക്വാളിറ്റി ബോളര്‍മാരെ തുടക്കംമുതല്‍ നേരിട്ട്, അവസാനംവരെ പിടിച്ചുനില്‍ക്കുന്ന കോലി സ്റ്റൈലുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെ ജോലി എളുപ്പമായിരുന്നു. ബാറ്റിങ് ഓര്‍ഡറില്‍ നേരത്തേയിറങ്ങി പിടിച്ചുനില്ക്കണമെങ്കില് അതിനു വേറെ ‘ക്ലാസ്’ വേണം’ ക്ലൂസ്നര് പറയുന്നു.
നിലവില്‍ അഫ്ഗാന് ക്രിക്കറ്റ് ടീമിന്റെ കോച്ചായാണ് ക്ലൂസ്നര് സേവനം അനുഷ്ഠിക്കുന്നത്.