ഇന്ററിനു നാടകീയ വിജയം, കൊമ്പുകോർത്തു ഇബ്രാഹിമോവിച്ചും ലുക്കാക്കുവും

കോപ്പ ഇറ്റാലിയ ടൂർണമെന്റിലെ എസി മിലാനുമായി നടന്ന ഡെർബി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർപ്പൻ വിജയം സ്വന്തമാക്കി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ഇന്റർ മിലാൻ. എസി മിലാനു വേണ്ടി സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഗോൾ നേടിയപ്പോൾ ഇന്ററിനു വേണ്ടി വല കുലുക്കിയത് റൊമേലു ലുക്കാക്കുവും ക്രിസ്ത്യൻ എറിക്സണുമാണ്. മത്സരത്തിൽ ഇബ്രാഹിമോവിച്ചിന് ചുവപ്പു കാർഡ് കണ്ട് പുറത്തു പോവേണ്ടിയും വന്നിരുന്നു.

മത്സരത്തിൽ മികച്ച അക്രമണവുമായി ഇന്റർ മിലാൻ ആണ് മുന്നേറിയതെങ്കിലും 31ആം മിനുട്ടിൽ ഇബ്രാഹിമോവിച്ചിന്റെ ഗോളിലൂടെ മിലാൻ ലീഡ് നേടുകയായിരുന്നു. സ്ലാട്ടന്റെ നിലംപറ്റെയുള്ള മികച്ചൊരു ഷോട്ട് ഇന്റർമിലാൻ ഗോൾകീപ്പറെ നിഷ്പ്രഭനാക്കി പോസ്റ്റിന്റെ വലതു മൂലയിലൂടെ ഉള്ളിൽ കയറുകയായിരുന്നു. ഇതോടെ ഇന്ററിനെതിരായ ഏഴു മത്സരങ്ങളിൽ നിന്നായി എട്ടു ഗോളുകൾ നേടാൻ ഇബ്രാഹിമോവിച്ചിന് സാധിച്ചിരിക്കുകയാണ്.

ആദ്യപകുതിക്കു മുമ്പേ ലുക്കാക്കുവും സ്ലാട്ടനും തമ്മിൽ നടന്ന വാക്കേറ്റവും ഉന്തും തള്ളും മത്സരത്തെ സംഭവബഹുലമാക്കി തീർത്തു. ലുക്കാക്കുവിനെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തിന് പുറമെ പരസ്പരം അമ്മക്ക് വിളിച്ചുകൊണ്ടു ഇരുവരും വാക്കേറ്റം നടത്തുകയുമുണ്ടായി. റഫറി ഇരുവർക്കും മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. രണ്ടാം പകുതിയിലാണ് ഈ മഞ്ഞക്കാർഡ് എസി മിലാനു തിരിച്ചടിയായി ഭവിച്ചത്.

മത്സരത്തിനിടെ 57ആം മിനുട്ടിൽ ഇന്റർ മിലാൻ താരം കോളറോവിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് സ്ലാട്ടനു ചുവപ്പു കാർഡ് കിട്ടുകയായിരുന്നു. എന്നാൽ അതിനു ശേഷം ഇന്റർ മികച്ച കളി പുറത്തെടുക്കുകയാണുണ്ടായത്.
എഴുപതാം മിനുട്ടിൽ നികോളോ ബാരെല്ലയെ റാഫേൽ ലിയാവോ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ലുക്കാക്കു കൃത്യമായി വലയിലെത്തിച്ചതോടെ മത്സരം സമനിലയാവുകയായിരുന്നു. ഇഞ്ചുറി ടൈമിൽ ക്രിസ്ത്യൻ എറിക്സന്റെ ഒരു തകർപ്പൻ ഫ്രീകിക്ക് ഇന്ററിനു മികച്ച വിജയം സമ്മാനിക്കുകയായിരുന്നു.

You Might Also Like