ലുവറ്റാരോ മാർട്ടിനെസ് ട്രാൻസ്ഫർ, നിലപാടു വ്യക്തമാക്കി ഇന്റർ വൈസ് പ്രസിഡന്റ് ഹാവിയർ സാനെറ്റി

Image 3
FeaturedFootballLa Liga

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ ടീമിലെത്തിക്കാൻ ശ്രമിച്ച സൂപ്പർതാരമാണ് ഇന്റർ മിലാന്റെ അർജന്റൈൻ സ്ട്രൈക്കെർ ലുവറ്റാരോ മാർട്ടിനെസ്. എന്നാൽ ബയേണുമായുള്ള തോൽവിക്കു ശേഷമുണ്ടായ ബാഴ്സയിലെ പ്രതിസന്ധിയും പരിശീലകമാറ്റവും ഈ ട്രാൻസ്ഫറിനെ ബാധിച്ചിരുന്നു. മാത്രമല്ല ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളും തീരുമാനങ്ങളും ലുവറ്റാരോയുടെ മനസ്സുമാറ്റിയെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

ഇക്കാര്യം തന്നെയാണ് മുൻ അർജന്റീന താരവും ഇപ്പോൾ ഇന്റർമിലാൻ വൈസ് പ്രസിഡന്റുമായ ഹവിയർ സനേട്ടിക്കും പറയാനുള്ളത്. താരം ബാഴ്സയിലേക്ക് പോവില്ലെന്നും ഇന്ററിൽ തന്നെ തുടരുമെന്നും ലൗറ്ററോ ഇവിടെ സന്തോഷവാനാണെന്നുമാണ് സാനെറ്റി വ്യക്തമാക്കിയത്. ഇന്ററിന്റെ ഇപ്പോഴത്തെയും ഭാവിയുടെയും വാഗ്ദാനമാണ് ലൗറ്ററോ എന്നാണ് സാനെറ്റി അറിയിച്ചത്. ഫോക്സ് സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ലുവറ്റാരോയെ പറ്റി സംസാരിച്ചത്.

“ലുവറ്റാരോ ഇന്റർ വിടുന്നില്ല. ബാഴ്സലോണയിലേക്ക് മാത്രമല്ല, വേറെയേത് ക്ലബ്ബിൽ നിന്നു ഓഫർ വന്നാലും ഇതുതന്നെയാണ് പറയാനുള്ളത്. താൻ ഒരു മികച്ച ക്ലബ്ബിലാണ് ഉള്ളതെന്ന് ലുവറ്റാരോക്ക് അറിയാം. ഇറ്റലിയിൽ അദ്ദേഹം സന്തോഷജീവിതമാണ് നയിക്കുന്നത്. അദ്ദേഹം ശരിയായ പാതയിൽ തന്നെയാണ് സഞ്ചരിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ അദ്ദേഹം ക്ലബ് വിടുന്നില്ല. അദ്ദേഹം ഞങ്ങളുടെ ഇപ്പോഴത്തെയും ഭാവിയുടെയും വാഗ്ദാനമാണ്.

ബാഴ്സയുമായി ഞങ്ങൾക്ക് ബഹുമാനം നിലനിർത്തിപ്പോവുന്നുണ്ട്. ഓരോ താരത്തിനും ക്ലബ് റിലീസ് ക്ലോസ് നിശ്ചയിച്ചിട്ടുണ്ട്. അപ്പോൾ മറ്റുള്ള ക്ലബുകൾക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ആ റിലീസ് ക്ലോസ് അടക്കുകയെന്നത് മാത്രമാണ്. പക്ഷെ ലുവറ്റാരോയുടെ കാര്യത്തിൽ അദ്ദേഹം ഇന്ററിൽ സന്തോഷവാനാണ്. അദ്ദേഹം സന്തോഷവാനാണെന്നത് എന്റെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.” സാനെറ്റി അഭിപ്രായപ്പെട്ടു.