യുണൈറ്റഡ് സൂപ്പർതാരത്തെ റാഞ്ചാൻ ഇന്റർ! പകരം സ്‌ക്രിനിയറിനെ നൽകിയേക്കും

Image 3
Football

തങ്ങള്‍ക്കായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന പ്രതിരോധനിരതാരം മിലന്‍ സ്‌ക്രിനിയറിനെ നല്‍കി മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലെ ഫ്രഞ്ച് മുന്നേറ്റനിരതാരം ആന്റണി മാര്‍ഷ്യലിനെ സ്വന്തം തട്ടകത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇറ്റാലിയന്‍ സൂപ്പര്‍ ക്ലബ് ഇന്റര്‍ മിലാന്‍. ലുവറ്റാരോ മാര്‍ട്ടിനെസ് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്ലബ് വിടുന്നതോടെ ആന്റണി മാര്ഷ്യലിനെ ക്ലബ്ബിലെത്തിക്കാനുള്ള നീക്കമാണ് ഇന്റര്‍ നടത്തുന്നത്.

യുണൈറ്റഡിനു വേണ്ടി ഈ സീസണില്‍ 21 ഗോളുകളോടെ മികച്ച പ്രകടനം കാഴ്ച വെക്കുകയാണ് ആന്റണി മാര്‍ഷ്യല്‍. 60 മില്യണോളം ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ മൂല്യമുള്ള താരത്തിന് 2024 വരെയാണ് യുണൈറ്റഡുമായി കരാറുള്ളത്. ഏറെക്കാലമായി മികച്ച പ്രതിരോധനിരതാരത്തെ അന്വേഷിക്കുന്ന മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു ഏറ്റവും ഉചിതമായ കളിക്കാരനായ സ്‌ക്രിനിയറിനെ നല്‍കി ഫ്രഞ്ച് സ്ട്രൈക്കറെ കൂടാരത്തിലെത്തിക്കാനാണു ഇന്ററിന്റെ ശ്രമം.

ഇന്റര്‍ സ്‌ക്രിനിയറിന് 58 മില്യണ്‍ യൂറോയാണ് വില നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ തുച്ഛമായ പണം മാത്രമേ ഇന്ററിനു യുണൈറ്റഡിന്റെ സൂപ്പര്‍ താരത്തിനു വേണ്ടി മുടക്കേണ്ടി വരുള്ളൂ. ഇരുപത്തിനാലുകാരനായ മാര്‍ഷ്യല്‍ റാഷ്ഫോര്‍ഡ്-ഗ്രീന്‍വുഡ് കൂട്ടുകെട്ടിലൂടെ യുണൈറ്റഡില്‍ ഗോളുകളടിച്ചുകൂട്ടുകയാണ്.

കൊറോണക്ക് ശേഷം അഞ്ച് ഗോളുകള്‍ കണ്ടെത്തിയ മാര്‍ഷ്യല്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഷെഫീല്‍ഡ് യൂണൈറ്റഡിനെതിരെ ഹാട്രിക്കും നേടിയിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന ആന്റണി മാര്‍ഷ്യല്‍ എന്തുകൊണ്ടും അര്ജന്റീനിയന്‍ സൂപ്പര്‍താരമായ ലുവറ്റാരോ മാര്‍ട്ടിനെസിന് പകരക്കാരനായി മാറാന്‍ കഴിയുമെന്നാണ് ഇന്റര്‍ മിലാന്‍ പ്രതീക്ഷിക്കുന്നത്.