കോണ്ടെയെ മടുത്തു, ഇന്റർ മിലാൻ മുൻ യുവന്റസ് പരിശീലകനു പിന്നാലെ

Image 3
FeaturedFootball

ഇന്റർ മിലാൻ നിലവിലെ പരിശീലകനായ അന്റോണിയോ കോണ്ടെയെ ഈ സീസണു ശേഷം ക്ലബ് വിടുമെന്നു റിപ്പോർട്ടുകൾ. ഇറ്റാലിയൻ മാധ്യമമായ ടുട്ടോസ്പോർടാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. പകരക്കാരനായി മുൻ യുവന്റസ് പരിശീലകൻ അല്ലെഗ്രിയെയാണ് ഇന്റർ മിലാൻ പരിഗണിക്കുന്നത്.

ചെൽസിയിൽ നിന്നും ഇന്ററിലെത്തിയ കോണ്ടെക്കൊപ്പം മികച്ച പ്രകടനമാണ് സീസണിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ക്ലബ് നടത്തിയത്. എന്നാൽ സീസൺ പുനരാരംഭിച്ചതിനു ശേഷം പതറുന്ന ടീം നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. എന്നാലും ചാമ്പ്യൻസ് ലീഗ് യോഗ്യത ഇന്റർ ഉറപ്പിച്ചിട്ടുണ്ട്.

അടുത്ത സീസണിലേക്ക് വേണ്ടി ടീമിനെ ഒരുക്കാൻ വേണ്ടത്ര താരങ്ങളെ സ്വന്തമാക്കിയില്ലെങ്കിൽ കോണ്ടെ ഇന്റർ വിടാൻ സാധ്യതയുണ്ട്. ഇറ്റാലിയൻ പരിശീലകനിൽ ക്ലബ് നേതൃത്വത്തിലും അത്ര താൽപര്യമില്ല. കോണ്ടെയുടെ പ്രതിഫലം വളരെ കൂടുതലാണെന്നതാണ് ഇതിനൊരു കാരണം.

അതേ സമയം കോണ്ടെ യുവന്റസ് വിട്ടതിനു ശേഷം പരിശീലക സ്ഥാനം ഏറ്റെടുത്ത അല്ലെഗ്രി കുറഞ്ഞ സാമ്പത്തിക സ്ഥിതിയിലും മികച്ച നേട്ടം ഓൾഡ് ലേഡിക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. നിലവിലെ ഇന്റർ ജനറൽ മാനേജറായ ബെപ്പെ മറോട്ട യുവന്റസിലുണ്ടായിരുന്നപ്പോഴത്തെ പരിചയവും അല്ലെഗ്രിയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.