മറ്റാരും നൽകാത്ത പ്രതിഫലം, മെസിക്ക് കൂറ്റൻ ഓഫറുമായി ഇന്റർ

Image 3
FeaturedFootball

ബാഴ്സലോണ നായകനായ ലയണൽ മെസിയെ റാഞ്ചാൻ ഇൻറർ മിലാൻ ശക്തമായ ശ്രമങ്ങൾ ആരംഭിച്ചുവെന്ന് ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ഗസറ്റ ഡെല്ല സ്പോർടിന്റെ റിപ്പോർട്ടുകൾ പ്രകാരം മെസിക്ക് അൻപതു ദശലക്ഷം യൂറോയാണ് ഒരു സീസണിൽ പ്രതിഫലമായി ഇന്റർ നൽകാമെന്ന് ഏറ്റിരിക്കുന്നത്. സ്പാനിഷ് മാധ്യമം എൽ ചിരിംഗുറ്റോയും ഇക്കാര്യം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

അടുത്ത സീസണു ശേഷം മെസിയുടെ ബാഴ്സ കരാർ അവസാനിക്കാനിരിക്കുകയാണ്. അതു പുതുക്കുന്ന കാര്യത്തിൽ ബാഴ്സ നായകൻ ഇതു വരെയും തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മെസിയെ സ്വന്തമാക്കാൻ ഇന്റർ മിലാൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കുറച്ചു കാലമായി നിരവധി അഭ്യൂഹങ്ങൾ വരുന്നുമുണ്ട്.

പ്രതിവർഷം അൻപതു ദശലക്ഷം യൂറോയുൾപ്പെടെ നാലു വർഷത്തേക്ക് 260 മില്യൺ യൂറോയുടെ ഓഫറാണ് മെസിക്കു വേണ്ടി ഇന്റർ തയ്യാറാക്കിയിരിക്കുന്നതെന്ന് ഗസറ്റ ഡെല്ലാ സ്പോർട്സ് വ്യക്തമാക്കുന്നു. മെസിയുടെ അച്ഛൻ മിലാനിൽ ഒരു വീടു വാങ്ങിയതും ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണമായിട്ടുണ്ട്.

ബാഴ്സ നേതൃത്വവുമായി കടുത്ത അഭിപ്രായ വ്യത്യാസങ്ങളുള്ളത് മെസിയുടെ ട്രാൻസ്ഫറിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ താരം ക്ലബിൽ തന്നെ തുടരുമെന്നാണ് പ്രസിഡന്റ് ബർട്ടമൂവിന്റെ അഭിപ്രായം. അടുത്ത വർഷം നടക്കുന്ന ക്ലബ് തിരഞ്ഞെടുപ്പാവും ഇതിൽ നിർണായകമാവുക.