സാഞ്ചസിനെ നിലനിര്‍ത്താന്‍ എന്തുംചെയ്യും, വെളിപ്പെടുത്തി ഇന്റർ മിലാൻ ഡയറക്ടർ
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ഇന്റര്‍ മിലാനില്‍ ലോണില്‍ കളിക്കുന്ന സൂപ്പര്‍ താരം അലക്‌സിസ് സാഞ്ചസ് മികച്ച പ്രകടനമാണ് സീരീ എയില്‍ കാഴ്ചവെക്കുന്നത്. ഈ സീസണോടെ സാഞ്ചസുമായുള്ള ലോണ്‍ കരാര്‍ അവസാനിക്കുമെങ്കിലും താരത്തെ ഇന്ററില്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഡയറക്ടറായ ഗിസെപ്പെ മാറോട്ട നടത്തുന്നത്.
അവസാന എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് സാഞ്ചസിന്റെ ബൂട്ടുകളില്‍ നിന്ന് പിറന്നത്. ഇതോടെ താരത്തെ നിലനിര്‍ത്താന്‍ ആഗ്രഹമുണ്ടെന്ന് ഇന്റര്‍ പരസ്യമായി അറിയിക്കുകയായിരുന്നു. താരത്തെ സ്ഥിരമാക്കാന്‍ തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ വേതനവും വിലയും സംബന്ധിച്ച ചില കാര്യങ്ങളാണ് ഇതിന് തടസമായി നില്‍ക്കുന്നതെന്നുമാണ് ഇന്റര്‍ ഡയറക്ടര്‍ ഗിസപ്പെ മറോട്ട പറയുന്നത്.
സാഞ്ചസിന്റെ ഇന്ററിലെ ഒരാഴ്ചത്തെ വേതനം 150000 യൂറോയാണെങ്കിലും താരത്തെ സ്വന്തം തട്ടകത്തില്‍ നിലനിര്‍ത്താന്‍ ഇന്റര്‍ തയ്യാറായിരിക്കുകയാണ്. രണ്ടു വര്‍ഷം കൂടെ കരാറുള്ള താരത്തിനെ യുണൈറ്റഡ് വില്‍ക്കാന്‍ തയ്യാറായാലും 10-18 മില്യണ്‍ യൂറോയിലധികം തുകക്ക് ഇന്റര്‍ കരാറിലെത്താന്‍ സാധ്യതയില്ല.
എന്നാല്‍ വമ്പന്‍ തുക സാലറി വാങ്ങുന്ന കരാറിലുള്ള താരത്തിനെ യുണൈറ്റഡ് തിരിച്ചു വിളിക്കാനുള്ള സാധ്യത കുറവാണെന്നത് ഇന്ററിനു ഗുണം ചെയ്യുമെന്നുറപ്പാണ്.
‘അദ്ദേഹത്തെ നിലനിര്‍ത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച് അദ്ദേഹത്തിന് രണ്ട് വര്‍ഷം കൂടി കരാര്‍ ഉണ്ടാവുമ്പോള്‍. ആ കാര്യം തീര്‍ച്ചയായും യുണൈറ്റഡ് പരിഗണിക്കുക തന്നെ ചെയ്യും. അദ്ദേഹം മികച്ച കളിക്കാരനാണ്, നല്ലൊരു വ്യക്തിയാണ്. അദ്ദേഹം ഇന്നും നാളെയും തുടര്‍ന്നും ഞങ്ങളോടൊപ്പം ഉണ്ടാവുന്നതില്‍ സന്തോഷമേയുള്ളൂ. എന്നാല്‍ അത് സാധ്യമാവുമെന്നുറപ്പില്ല ‘ ഇന്റര്‍ ഡയറക്ടര്‍ മാറോട്ട വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ആഷ്ലി യങ്, റൊമേലു ലുക്കാക്കു എന്നിവരെ യുണൈറ്റഡില്‍ നിന്നും ഇന്റര്‍ സൈന്‍ ചെയ്തിരുന്നു.