ചെൽസി സൂപ്പർ താരത്തിനു പിന്നാലെ ഇന്റർമിലാൻ, അന്റോണിയോ കോണ്ടേയുടെ പ്രിയതാരത്തെ റാഞ്ചാനൊരുങ്ങുന്നു

Image 3
FeaturedFootballSerie A

വെറും ഒരു പോയന്റിന് ഇറ്റാലിയൻ ലീഗ്‌ കിരീടം ജുവന്റസിനോട് നഷ്ടപ്പെടുത്തേണ്ടിവന്ന ടീമാണ് കോണ്ടേയുടെ ഇന്റർമിലാൻ. കൂടാതെ യൂറോപ്പ ലീഗ്‌ ഫൈനലിൽ സെവിയ്യയോടും തോൽവിയേറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടു കിരീടങ്ങൾ കയ്യെത്തും ദൂരത്തു നഷ്ടപ്പെട്ട ഇന്റർ പുതിയ താരങ്ങളെ എത്തിച്ചു കൊണ്ട് ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്.

ചെൽസിയുടെ സൂപ്പർ താരമായ മാർക്കോസ് അലോൺസോയാണ് ഇന്റർ ലക്ഷ്യമിടുന്ന പുതിയ താരം. സ്കൈ സ്പോർട്സ് ഇറ്റാലിയയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ചെൽസിയുടെ ഫുൾ ബാക്കുമാരിൽ ഒരാളായ അലോൺസോ കോണ്ടെക്കു കീഴിൽ മുൻപ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ അലോൺസോയെ വാങ്ങാൻ ഇന്റർ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാൽ വീണ്ടും താരത്തിനായി ശ്രമം ആരംഭിച്ചിരിക്കുകയാണ്.

2016-ൽ ഇറ്റാലിയൻ ക്ലബ്ബായ ഫിയോറെന്റിനയിൽ നിന്നായിരുന്നു അലോൺസോ ചെൽസിയിലെത്തുന്നത്. പുതിയ താരങ്ങൾ വന്നതോടെ താരത്തിന് അവസരങ്ങൾ കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചെൽസിക്ക് വേണ്ടി 149 മത്സരങ്ങൾ അലോൺസോ കളിച്ചിട്ടുണ്ട്. ഇതിൽ നിന്നായി ഇരുപത്തിരണ്ടു ഗോളുകളും പതിനെട്ടു അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. താരത്തെ ടീമിൽ എത്തിച്ചാൽ അത്‌ ഗുണം ചെയ്യുമെന്നാണ് കോന്റെയുടെ പ്രതീക്ഷകൾ.

കൂടാതെ ഇന്റർ താരമായ ഡാൽബെർട്ടിനെ ഒഴിവാക്കാനും കോണ്ടെ ശ്രമമാരംഭിച്ചിട്ടുണ്ട്. ഇരുപത്തിയൊമ്പതുകാരനായ താരം കഴിഞ്ഞ സീസണിൽ ഫിയോറെന്റിനയിൽ ലോണിലായിരുന്നു കളിച്ചിരുന്നത്. താരത്തെ സ്വന്തമാക്കാൻ ഫിയോറെന്റീനക്ക് താല്പര്യമുണ്ടെങ്കിലും ഇരുക്ലബുകൾക്കും ധാരണയിൽ എത്താൻ കഴിയാത്തതിനാൽ താരം ഇന്ററിലേക്കു തന്നെ തിരിച്ചെത്തുകയായിരുന്നു.