മെസി മിലാനിലേക്കോ?, ഒടുവില്‍ മൗനം മുറിച്ച് ഇന്റര്‍

Image 3
Football

സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെപോലെ ലയണല്‍ മെസിയും ഇറ്റാലിയന്‍ ലീഗിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍മിലാന്‍ മെസിയെ സൈന്‍ ചെയ്യുമെന്നാണ് വിവിധ ഇറ്റാലിയന്ഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഈ അഭ്യൂഹങ്ങളോട് പ്രതികരണമറിയിച്ചിരിക്കുകയാണ് ഇന്റര്‍മിലാന്റെ ഡയറക്ടര്‍ ബെപ്പെ മറോട്ട. മെസി ഇന്ററിലെത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തള്ളികളയുകയാണ് അദ്ദേഹം ചെയ്തത്. മെസി ഇന്റര്‍ മിലാനില്‍ എത്തുക ഫാന്റസി ഫുട്‌ബോളില്‍ മാത്രമായിരിക്കും എന്നാണ് അദ്ദേഹം തമാശരൂപേണ പറഞ്ഞത്. സ്‌കൈ സ്‌പോര്‍ട്‌സ് ഇറ്റാലിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വാര്‍ത്തകളോട് പ്രതികരിച്ചത്.

‘മെസി ഇന്റര്‍മിലാനിലേക്കെന്നത് ഫാന്റസി ഫുട്‌ബോളില്‍ മാത്രം സംഭവിക്കുന്ന കാര്യമാണ്. തീര്‍ച്ചയായും അദ്ദേഹം ഞങ്ങളുടെ ലക്ഷ്യങ്ങളില്‍ ഒന്നല്ല. എനിക്ക് തോന്നുന്നത് അദ്ദേഹം തന്റെ കരിയര്‍ മുഴുവനും ബാഴ്‌സയില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നാണ്’ ബെപ്പെ മറോട്ട വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം പ്രമുഖ ഇറ്റാലിയന്‍ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്‌പോര്‍ട്ട് ആണ് മെസി ഇന്ററിലേക്കെന്നു വാര്‍ത്ത പുറത്തുവിട്ടിരുന്നു.

റൊണാള്‍ഡോ യുവന്റസിലേക്കെന്ന ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച വാര്‍ത്ത പുറത്തു വിട്ടതും ഇറ്റാലിയന്‍ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോര്‍ട് തന്നെയായിരുന്നു. എന്നാല്‍ ഇത്തരം അഭ്യുഹങ്ങളെ ഇന്റര്‍ മിലാന്‍ ഡയറക്ടര്‍ നിരസിച്ചതോടെ മെസി ഇറ്റാലിയിലെത്തിയേക്കും എന്ന അഭ്യുഹങ്ങള്‍ക്ക് താത്കാലിക വിരാമമായിരിക്കുകയാണ്. മെസിയുടെ പിതാവ് മിലാനില്‍ ഒരു വീട് വാങ്ങാന്‍ വന്നതുമായുള്ള അഭ്യൂഹങ്ങളായിരുന്നു മെസി ഇന്ററിലേക്ക് എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം.