മെസിയും സുവാരസും ഒരുമിച്ചിട്ടും കാര്യമില്ല, രണ്ടാമത്തെ മത്സരത്തിലും വിജയം നേടാനാകാതെ ഇന്റർ മിയാമി

Image 3
Football News

ലയണൽ മെസിയും ലൂയിസ് സുവാരസും ഒരുപാട് നേട്ടങ്ങളുണ്ടാക്കിയ താരങ്ങളായതിനാൽ തന്നെ അവർ വീണ്ടും ഒരുമിക്കുന്നതിനെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കണ്ടത്. ഡിസംബറിൽ ബ്രസീലിയൻ ക്ലബായ ഗ്രെമിയോയുമായുള്ള കരാർ അവസാനിച്ചതോടെ ലൂയിസ് സുവാരസ് ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതോടെ ഇരുവരും വീണ്ടും ഒരുമിക്കുകയും ചെയ്‌തു.

എന്നാൽ ഈ രണ്ടു താരങ്ങളും ഒരുമിച്ചതിനു ശേഷം ഇന്റർ മിയാമി കളിച്ച രണ്ടാമത്തെ മത്സരത്തിലും അവർക്ക് വിജയം നേടാൻ കഴിഞ്ഞിട്ടില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് എൽ സാൽവഡോറിനെതിരെ സൗഹൃദ മത്സരം കളിച്ചതിൽ സമനില വഴങ്ങിയ ഇന്റർ മിയാമി കുറച്ചു സമയം മുൻപ് എഫ്‌സി ഡള്ളാസിനെതിരെ നടന്ന രണ്ടാമത്തെ സൗഹൃദ മത്സരത്തിൽ തോൽവിയും വഴങ്ങി.

എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്റർ മിയാമി എഫ്‌സി ഡള്ളാസിനോട് തോൽവി വഴങ്ങിയത്. ലയണൽ മെസി, ലൂയിസ് സുവാരസ്, സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർഡി ആൽബ തുടങ്ങിയ താരങ്ങളെല്ലാം ഇന്റർ മിയാമിക്ക് വേണ്ടി കളിച്ചിരുന്നു. മെസി, സുവാരസ്, ബുസ്‌ക്വറ്റ്സ് തുടങ്ങിയ താരങ്ങൾ അറുപത്തിനാലാം മിനുട്ട് വരെയാണ് കളിച്ചിരുന്നത്.

മത്സരത്തിൽ ഇന്റർ മിയാമിക്ക് ആശ്വസിക്കാനുള്ള ഒരേയൊരു കാര്യം മികച്ച അവസരങ്ങൾ ടീമിന് തുറന്നെടുക്കാൻ കഴിഞ്ഞുവെന്നതാണ്. എന്നാൽ ഈ സീസണിൽ കിരീടനേട്ടങ്ങൾ സ്വന്തമാക്കാൻ അവർ ഇനിയും മുന്നോട്ടു പോകണമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പ്രധാനമായും ടീമിന്റെ പ്രതിരോധം ശക്തിപ്പെടുത്തിയാൽ മാത്രമേ ഇന്റർ മിയാമിക്ക് കുതിപ്പുണ്ടാക്കാൻ കഴിയൂ.