ബാഴ്‌സയേയും ലിവര്‍പൂളിനേയും വെട്ടി, ബ്ലാസ്റ്റേഴ്‌സിന് ചരിത്രനേട്ടം

ആരാധകരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമത്തെയും ഏഷ്യയില്‍ അഞ്ചാമത്തേതുമായ ഫുട്‌ബോള്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അന്താരാഷ്ട്ര തലത്തില്‍ മറ്റൊരു നേട്ടം കൂടി കൈവരിച്ചു. ലോകമെമ്പാടും കോവിഡ് 19 ഭീതിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ലോകത്തിലെ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ വെച്ചേറ്റവും കൂടുതല്‍ ‘ഇന്‍സ്റ്റാഗ്രാം എന്‍ഗേജ്‌മെന്റ്‌സ്’ നേടിയതില്‍ രണ്ടാം സ്ഥാനമാണ് ബ്ലാസ്റ്റേഴ്സ് കൈവരിച്ചത്.

3.68ശതമാനമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ റേറ്റിങ്. ലോകത്തിലെ മുന്‍നിര ഫുട്‌ബോള്‍ ക്ലബുകളായ എഫ് സി ബാഴ്‌സലോണ (0.97%), ലിവര്‍പൂള്‍ എഫ് സി (0.88%), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (0.57%) എന്നിവരൊക്കെതന്നെ ഇന്‍സ്റ്റാഗ്രാം എന്‍ഗേജ്‌മെന്റില്‍ ബ്ലാസ്റ്റേഴ്‌സിനെക്കാള്‍ പിന്നിലാണ്.

അത് ലറ്റുകള്‍, ക്ലബ്ബുകള്‍, ലീഗുകള്‍, ഫെഡറേഷനുകള്‍, അസോസിയേഷനുകള്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവരുടെ ഡിജിറ്റല്‍ ആശയവിനിമയ, വിപണന ആവശ്യങ്ങളില്‍ പ്രാവീണ്യമുള്ള ഏജന്‍സിയായ റിസള്‍ട്ട്‌സ് സ്‌പോര്‍ട്‌സ് നടത്തിയ ”ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ബെഞ്ച്മാര്‍ക്ക്” എന്ന പഠനമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

1.4 ദശലക്ഷത്തിന്റെ ഇന്‍സ്റ്റാഗ്രാം ആരാധകരുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ലോകമെമ്പാടുമുള്ള 1 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ബേസ് ഉള്ള 58 ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നാണ്.

You Might Also Like