സൂപ്പർതാരങ്ങൾക്ക് പരിക്ക്; ഫ്രാൻസിന്റെ സാധ്യത മങ്ങുന്നുവോ?

Image 3
Euro 2020

യൂറോ പ്രീക്വർട്ടറിൽ തിങ്കളാഴ്ച സസ്വിറ്റ്സർലൻഡിനെ നേരിടാനൊരുങ്ങുന്ന ഫ്രാൻസിന് വെല്ലുവിളിയായി താരങ്ങളുടെ പരിക്ക്. നേരത്തെ സൂപ്പർതാരം ഉസ്മാൻ ഡെമ്പേലെ പരിക്കുപറ്റി പുറത്തുപോയതിന് പുറമെ ഏതാനും പ്രതിരോധനിര താരങ്ങൾ കൂടി പരിക്കിന്റെ പിടിയിലായത് പരിശീലകൻ ദിദിയർ ദേഷാംപിനെ അലട്ടുന്നുണ്ട്.


കളിക്കാരനായും, പരിശീലകനായും യൂറോകപ്പും, ലോകകപ്പും ഉയർത്തുന്ന ആദ്യത്തെയാൾ എന്ന ബഹുമതിയും ലക്ഷ്യമിട്ടാണ് ദിദിയർ ദേഷാംപ് യൂറോകപ്പിനെത്തിയത്. ടൂർണമെന്റ് തുടങ്ങുമ്പോൾ ഫേവറൈറ്റുകളിൽ ഒരു ടീം തന്നെയായിരുന്നു തീർച്ചയായും ഫ്രഞ്ച്പട. എന്നാൽ സൂപ്പർതാരങ്ങളുടെ പരിക്ക് വില്ലനാവുമോ എന്ന പേടിയിലാണ് ഇപ്പോൾ ദേഷാംപ്.


ഗ്രൂപ്പ് ഘട്ടത്തിൽ പോർചുഗലിനെതിരായ മത്സരത്തിൽ ലെഫ്റ് ബാക്ക് ലൂക്കാസ് ഹെർണാണ്ടസ് കാൽമുട്ടിനേറ്റ പരിക്കുമൂലം കളിക്കളം വിട്ടിരുന്നു. താരത്തിന് പകരം കളിക്കേണ്ട ലൂക്കാസ് ദിഗ്‌നെ നേരത്തെ പരിക്ക് മൂലം വിശ്രമത്തിലാണ്.

ഹെർണാണ്ടസിന് പകരം പോർച്ചുഗലിന് എതിരെ കളത്തിലിറക്കിയ അഡ്രിയാൻ റബിയോട്ടും പരിക്കിന്റെ പിടിയിലായത് ഫ്രഞ്ച് പ്രതിരോധം ദുർബലമാക്കുന്നുണ്ട്.
ഇതിനെല്ലാം പുറമെ അത്ലറ്റിക്കോ മാഡ്രിഡിന്റെ യുവ മിഡ്‌ഫീൽഡർ തോമസ് ലീമാറും, പരിശീലനത്തിനിടെ പരിക്കുപറ്റിയ ബൊറൂസിയ താരം മാർക്കസ് തുറാമിന്റെയും നഷ്ടം എങ്ങനെ നികത്തും എന്നറിയാതെ ഉഴറുകയാണ് ഫ്രാൻസ്.


കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സ്വിസ് പടക്കെതിരെ തിങ്കളാഴ്ച കളത്തിലിറങ്ങുമ്പോൾ വ്യക്തമായ മുൻ‌തൂക്കം ഫ്രാൻസിനുണ്ട്. എന്നാൽ മികച്ച രീതിയിൽ ശരീരം ഉപയോഗിച്ച് കളിക്കുന്ന സ്വിസ് താരങ്ങളുമായുള്ള ഏറ്റുമുട്ടലിൽ പ്രധാനതാരങ്ങളിൽ ആർക്കെങ്കിലും പരിക്ക് പറ്റിയാൽ അത് ഫ്രാൻസിന്റെ മുൻപോട്ടുള്ള പ്രയാണത്തെ ബാധിക്കും.