ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ പുറത്ത്. പുറംവേദനയാണ് ദീപക് ഹൂഡയ്ക്ക് തിരിച്ചടിയായത്. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ശേഷം തുടങ്ങുന്ന ലോകകപ്പിലും ദീപക് ഹൂഡ തിരിച്ചുവരുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.
ഹൂഡയുടെ പകരക്കാരനായി മലയാളി താരം സഞ്ജു സാംസണിനെ പരിഗണിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ ശ്രേയസ് അയ്യരെയാണ് ടീമിലേക്ക് ആദ്യം പരിഗണിക്കുക എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. നിലവില്‍ സഞ്ജു ഇന്ത്യ എയെ നയിക്കുകയാണ്. ശ്രേയസാകട്ടെ ദുലീപ് ട്രോഫി ഫൈനലിന് ശേഷം നിലവില്‍ ഫ്രീയാണ്.
മൂന്ന് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയിലുളളത്. അതിന് ശേഷം ഇന്ത്യ മൂന്ന് ഏകദിന മത്സരവും ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിയ്ക്കുന്നുണ്ട്.
ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള അവസാന വട്ട മുന്നൊരുക്കങ്ങളിലാണ് ടീം ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയ ടീം, ദക്ഷിണാഫ്രിക്കക്കെതിരെ വരാനിരിക്കുന്ന പരമ്പരയും സ്വന്തമാക്കി ആത്മവിശ്വാസത്തോടെ ലോകകപ്പിന് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെയാണ് പരിക്കിന്റെ വാര്‍ത്തകളും എത്തുന്നത്. നേരത്തെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്കും കോവിഡ് കാരണം ദക്ഷിണാഫ്രിക്ക പരമ്പര നഷ്ടമായിരുന്നു.
ഓസ്ട്രേലിയക്കെതിരെ നടന്ന മൂന്നാം ടി20ക്ക് തൊട്ടു മുമ്പായിരുന്നു ഹൂഡക്ക് പരിക്കേറ്റ വിവരം ബിസിസിഐ പുറത്ത് വിട്ടത്. പരിക്കിനെത്തുടര്‍ന്ന് ഹൂഡ അവസാന മത്സരത്തില്‍ സെലക്ഷന് ലഭ്യമല്ലെന്ന് ബിസിസിഐ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നോ പരിക്കില്‍ നിന്ന് മോചിതനാവാന്‍ എത്ര നാള് വേണ്ടി വരുമെന്നോയുള്ള കാര്യം ഇതു വരെ വ്യക്തമായിട്ടില്ല. അടുത്ത ദിവസങ്ങളില്‍ അതുണ്ടാകുമെന്നാണ് സൂചന.
ഈ വര്‍ഷം ടി20യില്‍ ഇന്ത്യക്കായി ചില നിര്‍ണായക പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുള്ള താരമാണ് ദീപക് ഹൂഡ. അയര്‍ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ താരം സെഞ്ചുറിയും നേടിയിരുന്നു. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും താരത്തിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഹൂഡയെ ഫിനിഷറായി ഇന്ത്യ കളിപ്പിച്ചിരുന്നെങ്കിലും, അക്സര്‍ പട്ടേല്‍ ആ സ്ഥാനത്തേക്ക് കടന്നു വന്നതോടെ ഹൂഡ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവുകയായിരുന്നു.