പരീക്ഷണങ്ങള്‍ നിര്‍ത്തുന്നു, ഏഷ്യ കപ്പ് മുതല്‍ കളിയ്ക്കുക ഇന്ത്യയുടെ ലോകകപ്പ് ടീം
എല്ലാ മത്സരവും ജയിക്കുമ്പോഴും ഇന്ത്യ നടത്തുന്ന നിരവധി പരീക്ഷണങ്ങള്‍ ക്രിക്കറ്റ് ലോകത്ത് ആരാധകരില്‍ നിന്നും മുന്‍ താരങ്ങളില്‍ നിന്നും നിരവധി വിമര്‍ശനങ്ങള്‍ക്കാണല്ലോ വഴിവെക്കുന്നത്. നിരവധി താരങ്ങളെ ഇന്ത്യന്‍ ടീമില്‍ പരീക്ഷിക്കുന്നതാണ് മുന്‍ താരങ്ങളെ അടക്കം ചൊടിപ്പിക്കുന്നത്.
അതെസമയം അടുത്ത മാസം ആരംഭിക്കുന്ന ഏഷ്യകപ്പോടെ ഇന്ത്യ ടി20 ലോകകപ്പിനുളള അന്തിമ ഇലവനെ തീരുമാനിക്കും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതുപ്രകാരമായിരിക്കുമത്രെ ഏഷ്യ കപ്പിന് ശേഷം ലോകകപ്പ് വരെ അവശേഷിക്കുന്ന ടൂര്‍ണമെന്റുകളില്‍ ഇനി കളിയ്ക്കുക.
ഏഷ്യ കപ്പിന് ശേഷം ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയ്ക്കുമെതിരാണ് ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ പരമ്പര ഉളളത്. ഏഷ്യ കപ്പ് ടി20 ലോകകപ്പിനുളള ടെസ്റ്റ് റിസള്‍ട്ടായാണ് ടീം ഇന്ത്യ വിലയിരുത്തുന്നത്.
ഒക്ടോബര്‍-നവംബര്‍ മാസത്തിലാണ് ടി20 ലോകകപ്പ്. അതിനുമുമ്പായി താരങ്ങള്‍ക്ക് ആവശ്യത്തിന് മത്സരപരിചയം വേണമെന്ന നിലപാടിനെത്തുടര്‍ന്നാണ്, ലോകകപ്പ് മുന്നില്‍ കണ്ടുള്ള സ്‌ക്വാഡിനെ തന്നെ ഏഷ്യാ കപ്പ് മുതല്‍ കളിപ്പിക്കാന്‍ ആലോചിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, കെഎല്‍ രാഹുല്‍ തുടങ്ങിയവര്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. ഇതോടെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുളള താരങ്ങള്‍ക്ക് ലോകകപ്പ് ടീമില്‍ ഇടംപിടിയ്ക്കാന്‍ വലിയ പരീക്ഷണം അതിജയിക്കേണ്ടി വരും.