ഇന്ത്യന്‍ വണ്ടര്‍ കിഡിനേയും സ്വന്തമാക്കി, സര്‍പ്രൈസ് നീക്കവുമായി കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍

Image 3
Football

ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കോളിളക്കം സൃഷ്ടിച്ച് വീണ്ടും ഈസ്റ്റ് ബംഗാളിന്റെ സൈനിംഗ്. ഇന്ത്യന്‍ വണ്ടര്‍ കിഡ് എന്നറിയപ്പെടുന്ന കൗമാര താരം ഗിവ്‌സണ്‍ സിംഗിനെ സ്വന്തമാക്കാനാണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത നീക്കം.

17കാരനായ ഗിവ്‌സണ്‍ നിലവില്‍ ഐലീഗിലെ കൗമാര താരങ്ങളുടെ കൂട്ടായിമയായ ഇന്ത്യന്‍ ആരോസിന് വേണ്ടിയാണ് പന്തുതട്ടുന്നത്. ആറ് വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന കരാറാണ് ഗിവ്‌സണുമായി ഈസ്റ്റ് ബംഗാള്‍ ഒപ്പിടാന്‍ ആഗ്രഹിക്കുന്നത്.

ഇതുമൂലം മികച്ച താരത്തെ തങ്ങള്‍ക്ക് സ്വന്തമാക്കാമെന്നാണ് ഈസ്റ്റ് ബംഗാള്‍ വിലയിരുത്തുന്നത്. നിലവില്‍ ഇന്ത്യയുടെ അണ്ടര്‍ 17, 20 ടീമംഗമാണ് മധ്യനിരയിലെ ഈ സൂപ്പര്‍ താരം.

ഗിവ്‌സണിനെ സ്വന്തമാക്കിയാലും താരത്തിന് ഇന്ത്യന്‍ ആരോസില്‍ തന്നെ ഈ സീസണില്‍ കളിയ്ക്കാനാകും. ലോണ്‍ അടിസ്ഥാനത്തിലാകും ഈസ്റ്റ് ബംഗാള്‍ താരത്തെ ഇന്ത്യന്‍ ആരോസിന് വിട്ടുകൊടുക്കുക.

നിലവില്‍ നിരവധി താരങ്ങളെയാണ് ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ ടീമിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിച്ചിരിക്കുന്നത്. മലയാളി താരങ്ങളായ വിനീതും റിനോയും ഉള്‍പ്പെടെ അഞ്ചോളം താരങ്ങള്‍ കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാളിന്റെ ഭാഗമായി.