രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്തേക്ക്, ഇന്ത്യയ്ക്ക് പുതിയ തലവേദന

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് രണ്ട് താരങ്ങളെ നഷ്ടമായേക്കും. ഓള്‍റൗണ്ടര്‍ വെങ്കിടേഷ് അയ്യരും പേസ് ബൗളര്‍ ദീപക് ചഹറുമാണ് പുറത്താകുക. ഇരുവര്‍ക്കും കൈയ്‌ക്കേറ്റ പരിക്കാണ് തിരിച്ചടിയായിരിക്കുന്നത്.

ഇതു എത്ര മാത്രം സാരമുള്ളതാണെന്ന വ്യക്തമല്ല. വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ വെങ്കടേഷിനും ചാഹറിനും അടുത്ത മല്‍സരത്തില്‍ കളിക്കാനാവുമോയെന്ന കാര്യം വ്യക്തമാവുകയുള്ളൂ.

വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്സിനിടെയാണ് ദീപക് ചാഹറിന്റെ കൈയ്ക്കു പരിക്കേറ്റത്. വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ വെടിയുണ്ട കണക്കെയുള്ള ഒരു ഷോട്ട് തടയാന്‍ ശ്രമിക്കവെ പന്ത് കൈയില്‍ തട്ടിയാണ് ചാഹറിനു പരിക്കേറ്റത്. ഇതേ തുടര്‍ന്നു താരത്തിനു ഡ്രസിങ് റൂമിലേക്കു മടങ്ങേണ്ടി വരികയും ചെയ്തിരുന്നു.

പരിക്കു കാരണം നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കാനും ചാഹറിനായില്ല. പകരം ഹര്‍ഷല്‍ പട്ടേലാണ് ഇന്ത്യക്കു വേണ്ടി അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്തത്. മുന്നോവറില്‍ 28 റണ്‍സിനു ഒരു വിക്കറ്റ് ചാഹര്‍ വീഴ്ത്തിയിരുന്നു.

വെങ്കടേഷ് അയ്യര്‍ക്കും പരിക്കേല്‍പ്പിച്ചത് കീറോണ്‍ പൊള്ളാര്‍ഡായിരുന്നു. വിന്‍ഡീസ് ഇന്നിങ്സിലെ 17ാമത്തെ ഓവറിലായിരുന്നു ഇത്. യുസ്വേന്ദ്ര ചാഹലിന്റെ പൊള്ളാര്‍ഡിന്റെ തകര്‍പ്പനൊരു ഷോട്ട് ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്ത വെങ്കേടേഷിന്റെ കൈളില്‍ നിന്നും സ്ലിപ്പായി ബൗണ്ടറിയായിരുന്നു. ഈ ശ്രമത്തിനിടെയാണ് താരത്തിന്റെ വിരലിനു പരിക്കേറ്റത്. ചാഹറിനെയും വെങ്കടേഷിനെയും സ്‌കാനിങിനു വിധേയരാക്കുമെന്നാണ് വിവരം.

നിലവില്‍ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് 1-0ത്തിന് ഇന്ത്യ മുന്നിലാണ്. നേരത്തെ ഏകദിന പരമ്പര ഇന്ത്യ 3-0ത്തിന് ജയിച്ചിരുന്നു.