ഗിൽ നായകൻ, സഞ്ജു കീപ്പർ, ഐപിഎൽ സെൻസേഷനായ രണ്ട് സൂപ്പർ താരങ്ങൾക്ക് അരങ്ങേറ്റം.. പുതിയ ടീം ഇന്ത്യ ഇങ്ങനെ

Image 3
CricketTeam India

ജൂലൈ 6 മുതൽ ആരംഭിക്കുന്ന സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.

ടി20 ലോകകപ്പ് ടീമിൽ ഇടം നേടാൻ കഴിയാതിരുന്ന ശുഭ്മാൻ ഗിൽ ക്യാപ്റ്റനായപ്പോൾ, ഐപിഎൽ സെൻസേഷനായ അഭിഷേക് ശർമ്മ, റിയാൻ പരാഗ് എന്നിവർക്ക് ആദ്യമായി ദേശീയ ടീമിൽ ഇടം ലഭിച്ചു. യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടന്ന ടി20 ലോകകപ്പിൽ ഇടം നേടാത്ത റിങ്കു സിങ്ങും ടീമിൽ ഇടംപിടിച്ചു. മലയാളി സൂപ്പർതാരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിലിടം നേടി.

 

ടി20 ലോകകപ്പ് ടീമിൽ നിന്നും യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ എന്നിവർ മാത്രമാണ് സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത്. ബാക്കിയുള്ളവർക്ക് വിശ്രമം അനുവദിച്ചു. ഇന്ത്യൻ ടീമിന്റെ റിസർവ് താരങ്ങളായി കരീബിയൻ ദ്വീപുകളിൽ തുടരുന്ന റിങ്കു സിംഗ്, ഖലീൽ അഹമ്മദ് എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ ടീം:

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ്മ, റിങ്കു സിംഗ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), നിതീഷ് റെഡ്ഡി, റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ.

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനം 2024

ടി20 ലോകകപ്പ് 2024 ന് തൊട്ടുപിന്നാലെ ജൂലൈയിൽ സിംബാബ്‌വെയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ഇന്ത്യ സന്ദർശനം നടത്തും. ജൂലൈ 6 മുതൽ 14 വരെ ഹരാരെയിൽ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരക്ക് സിംബാബ്‌വെ ആതിഥേയത്വം വഹിക്കും. 2010, 2015, 2016 എന്നീ വർഷങ്ങൾക്ക് ശേഷം ടി20 പരമ്പരയ്ക്കായി ഇന്ത്യ നാലാം തവണയാണ് സിംബാബ്‌വെ സന്ദർശിക്കുന്നത്. സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ ഇതുവരെ നാട്ടിൽ ഒരു ദ്വിരാഷ്ട്ര പരമ്പരയും കളിച്ചിട്ടില്ല, എന്നാൽ മുൻകാലങ്ങളിലും ഇന്ത്യ ആഫ്രിക്കൻ രാജ്യം സന്ദർശിച്ചിട്ടുണ്ട്.

ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ നടക്കുന്ന എല്ലാ മത്സരങ്ങളും പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണി മുതൽ;

ഒന്നാം ടി20: ജൂലൈ 6, ശനിയാഴ്ച
രണ്ടാം ടി20: ജൂലൈ 7, ഞായറാഴ്ച
മൂന്നാം ടി20: ജൂലൈ 10, ബുധനാഴ്ച
നാലാം ടി20: ജൂലൈ 13, ശനിയാഴ്ച
അഞ്ചാം ടി20: ജൂലൈ 14, ഞായറാഴ്ച