; )
ടി20 ലോകകപ്പില്‍ ബദ്ധവൈരികളായ പാകിസ്ഥാനെ നേരിടാനുളള ഒരുക്കത്തിലാണ് ടീം ഇന്ത്യ. മത്സരം ജയിക്കുകയെന്ന ഇരു ടീമുകളുടേയും അഭിമാന പ്രശ്മായതിനാല്‍ തീപാറുന്ന പോരാട്ടത്തിനാകും ദുബൈ സ്‌റ്റേഡിയം സക്ഷ്യം വഹിക്കുക.
ലോകകപ്പില്‍ ഇന്ത്യന്‍ ക്യാമ്പിന്റെ ആകെയുളള ആശങ്ക ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ കുറിച്ചാണ്. ഹാര്‍ദ്ദിക്ക് പന്തെറിയുമോയെന്ന ഇന്ത്യന്‍ ക്യാമ്പ് ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ശുഭ സൂചന നല്‍കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി.
പാകിസ്ഥാനെതിരായ മത്സരത്തിനു മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് വിരാട് കോഹ്ലി ഇക്കാര്യം അറിയിച്ചത്.
‘ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നതായാണ് എനിക്കു തോന്നിയത്. ടൂര്‍ണമെന്റിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ചുരുങ്ങിയത് രണ്ടോവറെങ്കിലും അദ്ദേഹത്തിന് ബൗള്‍ ചെയ്യാന്‍ കഴിയും. കുറച്ചു ഓവറുകളെറിയാന്‍ മറ്റു ഓപ്ഷനുകള്‍ ഞങ്ങള്‍ പരിഗണിച്ചിട്ടുണ്ട്. ബാറ്റ്സ്മാനെന്ന നിലയില്‍ ഞാന്‍ എല്ലായ്പ്പോഴും ഹാര്‍ദിക്കിനെ പിന്തുണയ്ക്കാന്‍ തയ്യാറാണ്, അതു തുടരുകയും ചെയ്യും. അവന്‍ പ്രചോദിതനാണ്, ടീമിനു വേണ്ടി കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്യണമെന്ന് അവന്‍ ആഗ്രഹിക്കുന്നുണ്ട്’ കോഹ്ലി പറഞ്ഞു.
അതെസമയം പാകിസ്ഥാനെതിരായ ഇന്ത്യയുടെ ടീം ലൈനപ്പ് വെളിപ്പെടുത്താന്‍ കോഹ്ലി തയ്യാറായില്ല. അത് മത്സരത്തിന് തൊട്ട് മുമ്പ് മാത്രമാണ് പ്രഖ്യാപിക്കുക. ഒരുപാട് ആലോചിച്ച ശേഷമാണ് പ്ലെയിങ് ഇലവന്‍ ഞങ്ങള്‍ തീരുമാനിച്ചത്. എല്ലാവരും ഐപിഎല്‍ കഴിഞ്ഞാണ് എത്തിയിരിക്കുന്നത്, അതുകൊണ്ടു തന്നെ എല്ലാവരും മികച്ച ഫോമിലുമാണമെന്നും കോഹ്ലി വ്യക്തമാക്കി.
നേരത്തെ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ കളിയ്ക്കുന്ന 12 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു.