നിധിപോലെ കാത്ത ബാനര്‍ കത്തിച്ചു, 21ാം നമ്പര്‍ ജഴ്‌സി തിരിച്ചുകൊണ്ട് വരണമെന്നും ആവശ്യം,ജിംഗനെതിരെ പ്രതിഷേധം കത്തുന്നു

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ അപമാനിച്ച എടികെ മോഹന്‍ ബഗാന്‍ താരം സന്ദേശ് ജിംഗനെതിരെ പ്രതിഷേധം ആളിക്കത്തുന്നു. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായിമയായ മഞ്ഞപ്പട ജിംഗന്റെ ബാനര്‍ കത്തിച്ചു. ജിങ്കനുവേണ്ടി ആരാധകര്‍ ഏറെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കൂറ്റന്‍ ബാനറാണ് കത്തിച്ചത്. കൂടാതെ ഇന്‍സ്റ്റഗ്രാമില്‍ കൂട്ടാമായി ജിംഗന്റെ അക്കൗണ്ട് ആരാധകര്‍ അണ്‍ഫോളോയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടന്ന ഐ എസ് എല്‍ മത്സരത്തിന് ശേഷം എടികെ മോഹന്‍ ബഗാന്‍ താരം സന്ദേശ് ജിംഗന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വന്‍ വിവാദമായത്. . ഞങ്ങള്‍ സ്ത്രീകള്‍ക്കെതിരെയാണ് കളിച്ചത് എന്നായിരുന്നു മത്സരശേഷം ജിംഗന്‍ പറഞ്ഞത്. എടികെ മോഹന്‍ ബഗാന്‍ സമൂഹ മാധ്യമ അക്കൗണ്ടില്‍ പങ്കു വെച്ച വീഡിയോയിലായിരുന്നു ജിംഗന്റെ വിവാദ പരാമര്‍ശം പതിഞ്ഞത്.

സ്ത്രീകളെ അങ്ങേയറ്റം പുച്ഛിക്കുന്ന രീതിയില്‍ ജിംഗന്‍ പറഞ്ഞ വാക്കുകള്‍ പിന്നാലെ വലിയ വിവാദമായി. സംഭവം വലിയ ചര്‍ച്ചാ വിഷയമായതോടെ താരത്തിന്റെ ടീമായ എടികെ മോഹന്‍ ബഗാന്‍ വിവാദപരാമര്‍ശമുള്ള വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഇക്കാര്യത്തില്‍ വിശദീകരണവുമായി ജിങ്കനും രംഗത്തെത്തി. തന്റെ പ്രസ്താവനയിലൂടെ സ്ത്രീകളേയോ ബ്ലാസ്റ്റേഴ്‌സിനെയോ അധിക്ഷേപിച്ചതല്ലെന്ന് സമൂഹ മാധ്യമങ്ങളില്‍ കുറിച്ച ജിങ്കന്‍ തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഒരാളെയും മോശക്കാരാക്കണമെന്ന ഉദ്ദേശത്തോടു കൂടിയായിരുന്നില്ല തന്റെ വാക്കുകളെന്നും വ്യക്തമാക്കി.

എല്ലാക്കാലത്തും എതിരാളികളെ ബഹുമാനിക്കുന്നയാളാണ് താനെന്നും ബ്ലാസ്റ്റേഴ്‌സില്‍ തനിക്ക് അടുത്ത സുഹൃത്തുക്കളുണ്ടെന്നും പറഞ്ഞ ജിങ്കന്‍, താന്‍ ചോരയും വിയര്‍പ്പും നല്‍കിയ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്‌സെന്നും ചൂണ്ടിക്കാട്ടി. താന്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ വലിയ ആരാധകനാണെന്നും, സ്ത്രീകളെ ബഹുമാനിക്കുന്നയാളാണെന്നും ഇതിനൊപ്പം ജിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു കാലത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു സന്ദേശ് ജിങ്കന്‍. 2014 മുതല്‍ 2020 വരെ ബ്ലാസ്റ്റേഴ്‌സിലുണ്ടായിരുന്ന താരം 2014 ലെ പ്രഥമ സീസണ്‍ ഐ എസ് എല്ലിലെ മികച്ച എമര്‍ജിംഗ് കളികാരനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച റെക്കോര്‍ഡ് ഇന്നും ജിങ്കന്റെ പേരിലാണ്. താരത്തോടുള്ള ബഹുമാനാര്‍ത്ഥം ക്ലബ്ബ് അദ്ദേഹത്തിന്റെ 21-ം നമ്പര്‍ ജേഴ്‌സിയും ഔദ്യോഗികമായി റിട്ടയര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ ജെഴ്‌സി തിരികെ കൊണ്ട് വരണമെന്ന ക്യാമ്പയിനും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ നടക്കുന്നുണ്ട്.