മറ്റൊരു താരത്തെ കൂടി നിലനിര്‍ത്തി ഹൈദരാബാദ്, വലകാക്കാന്‍ നിര്‍ണ്ണായക നീക്കം

Image 3
FootballISL

മുതിര്‍ന്ന ഗോള്‍ കീപ്പര്‍ ലക്ഷ്മീകാന്ത് കട്ടിമണിയെ നിലനിര്‍ത്തി ഹൈദരാബാദ് എഫ്‌സി. ഒരു വര്‍ഷത്തേയ്ക്ക് കൂടിയാണ് കട്ടിമണിയുമായുളള കരാര്‍ ഹൈദരാബാദ് നീട്ടിയിരിക്കുന്നത്. ഇതോടെ അടുത്ത സീസണില്‍ ഹൈദരാബാദ് വലകാക്കാന്‍ ഈ 31കാരന്‍ ഉണ്ടാകുമെന്ന് ഉറപ്പായി.

ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണില്‍ അരങ്ങേറിയ ഹൈദരാബാദിന് ആ സീസണ്‍ നിരാശയാണ് സമ്മാനിച്ചത്. ലീഗില്‍ ഏറ്റവും അവസാനസ്ഥാനക്കാരയാണ് ടീം ഫിനിഷ് ചെയ്തത്. അതെസമയം അവസാന നാല് മത്സരങ്ങളില്‍ മാത്രമാണ് ലക്ഷ്മീകാന്തിന് അവസരം ലഭിച്ചിരുന്നത്. ഈ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് താരത്തെ നിലനിര്‍ത്താന്‍ ഹൈദരാബാദ് തീരുമാനിക്കാന്‍ കാരണം.

‘ഹൈദരാബാദുമായി കരാര്‍ നീട്ടികിട്ടിയതില്‍ ഞാനേറെ സന്തുഷ്ടനാണ്. മാനേജുമെന്റ് എന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ ഞാന്‍ നന്ദിയുളളവനായിരിക്കും. ടീം എന്ന നിലയില്‍ കഴിഞ്ഞ സീസണ്‍ അവസാനക്കുമ്പോഴേക്കും ഏറെ മെച്ചപ്പെടാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നു. കളിയോടുളള ഞങ്ങളുടെ സമീപനം മാറിയത് കൊണ്ടായിരുന്നു അത്. മോശം പ്രകടനം നടത്തിയിട്ടും ആരാധകര്‍ ഞങ്ങള്‍ക്ക് ഉറച്ച പിന്തുണയാണ് നല്‍കിയത്. അടുത്ത സീസണില്‍ ഈ പിന്തുണ തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ ലക്ഷ്മീകാന്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഐഎസ്എല്ലില്‍ മുംബൈ സിറ്റിയ്ക്കായും എഫ്‌സി ഗോവയ്ക്കായും നിരവധി മത്സരങ്ങലില്‍ ഐഎസ്എല്‍ കളിച്ചിട്ടുളള താരമാണ് ലക്ഷ്മീകാന്ത്. ഗോവന്‍ താരത്തെ കൂടാത ആദില്‍ കാന്‍, മുഹമ്മദ് ആസിര്‍, ആശിഷ് രാജ്, നികില്‍ പൂജാരി, ഡിംപിള്‍ ഭഗത്ത്, അഭിഷേക് ഹാല്‍ഡര്‍ എന്നിവരുടേയും കരാര്‍ ഹൈദരാബാദ് പുതുക്കിയിട്ടുണ്ട്.