ഇന്ത്യയ്ക്കാര്‍ക്ക് ദീര്‍ഘകാല കരാര്‍, രണ്ട് പൊസിഷനില്‍ വിദേശതാരങ്ങള്‍, ക്ലബുകള്‍ ഇടപെടല്‍ ഇങ്ങനെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നിലവില്‍ പരിണാമ ഘട്ടത്തിലാണ്. അടിസ്ഥാന വികസനം തൊട്ട് അതില്‍ കളിക്കുന്ന താരങ്ങളുടേയും സ്റ്റാഫുകളുടേയും ഗുണനിലവാരം ഒരോ വര്‍ഷവും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ മാറ്റം താരങ്ങളെ തിരഞ്ഞെടുക്കുന്നത് മുതല്‍ താരങ്ങള്‍ക്ക് നല്‍കുന്ന പുതിയ കരാറുകളില്‍ വരെ പ്രതിഫലിക്കുന്നുണ്ട്.

ഒരു ടീമില്‍ കളിക്കുന്ന വിദേശ താരങ്ങളുടെ എണ്ണം നാലായി കുറക്കാനുളള ഐഎസ്എല്‍ സംഘാടകരുടെ തീരുമാനം ക്ലബുകള്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതിനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. പതിവില്‍ നിന്നും വിപരീതമായി ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡാണ് ഇപ്പോള്‍ ഐഎസ്എല്‍ ക്ലബുകളില്‍ ഉളളത്. താരങ്ങളുമായി ദീര്‍ഘകാല ബന്ധം കാത്തുസൂക്ഷിക്കാന്‍ ഉതകും വിധമാണ് പുതിയ കരാറുള്‍ ക്ലബുകള്‍ ഒപ്പുവെക്കുന്നത്. നിലവിലെ പ്രതികൂല സാഹചര്യങ്ങള്‍ പോലും അവഗണിച്ചാണ് ഇന്ത്യന്‍ താരങ്ങളെ ദീര്‍ഘകാലത്തേക്ക് ക്ലബുകള്‍ കൂടെകൂട്ടുന്നത്.

ബംഗളൂരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി, ഒഡീഷ എഫ്‌സി തുടങ്ങിയ പ്രധാന ഐഎസ്എല്‍ ക്ലബുകളെല്ലാം കുറഞ്ഞത് ഒരു ഇന്ത്യന്‍ താരത്തിനെങ്കിലും ദീര്‍ഘകാല കരാര്‍ നല്‍കിയിട്ടുണ്ട്. ബംഗളൂരു എഫ്‌സി വിംഗര്‍മാരില്‍ ഉദാന്ത സിംഗിനും ആഷിഖ് കരുണിയനുമാണ് ദീര്‍ഘകാല കരാര്‍ നല്‍കിയത്. ഗോളി ഗുര്‍പ്രീത് സിംഗ് സന്തുവിനും 2023 വരെ കരാര്‍ നല്‍കി.

ആദ്യ സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ജസലിന് 2023 വരെ കാരാറാണ് ബ്ലാസ്റ്റേഴ്‌സ് നല്‍കിയത്. ബംഗളൂരുവില്‍ നിന്നും സ്വന്തമാക്കിയ നിഷുകുമാറിന് ദീര്‍ഘകാല കരാറാണ് ബ്ലാസ്റ്റേഴ്‌സ് നല്‍കിയത്.

ഹൈദരാബാദ് എഫ് സൗവിക്ക് ചക്രവര്‍ത്തി, യാസര്‍ഖാന്‍, നിഖില്‍ പൂജാരി എന്നിവര്‍ക്കാണ് ദീര്‍ഘകാല കരാര്‍ നല്‍കിയത്. ഒഡീഷ എഫ്‌സിയാകട്ടെ വിനീത് റായ്, നന്ദകുമാര്‍, ശുഭം സാരംഗി എന്നിവര്‍ക്കാണ് 2023 വരെ കരാര്‍ നല്‍കിയത്.

ഇതില്‍ ഏറ്റവും പ്രധാന സംഗതി ക്ലബുകള്‍ ദീര്‍ഘകാലത്തേക്ക് കരാര്‍ ഒപ്പിച്ചിരിക്കുന്നതെല്ലാം വിംഗര്‍മാരെയോ ഗോള്‍ കീപ്പര്‍മാരെയോ ആണ്. അതെസമയം സ്‌ട്രൈക്കര്‍മാരെ വിദേശ താരങ്ങളെ ആശ്രയിക്കാനാണ് ഐഎസ്എല്‍ ക്ലബുകളുടെയെല്ലാം തീരുമാനം. കാരണം കളിക്കളത്തിലെ ഏറ്റവും പ്രധാന പൊസിഷനില്‍ ഇന്ത്യന്‍ താരങ്ങളെ വിശ്വസിക്കാന്‍ ഇനിയും ക്ലബുല്‍ തയ്യാറായിട്ടില്ല. നിലവാരമുളള ഇന്ത്യന്‍ താരങ്ങള്‍ ഈ പൊസിഷനില്‍ ഇല്ല എന്നതും ഒരു യാഥാര്‍ത്യമാണ്.

അതുപോലെ തന്നെ സെന്റര്‍ ബാക്ക് പൊസിഷനില്‍ കളിക്കുന്ന താരങ്ങളെയും വിദേശത്ത് നിന്ന് ഇറക്കാനാണ് ക്ലബുകള്‍ നീക്കം നടത്തുന്നത്. ഈ രണ്ട് പൊസിഷനുകളിലും നിലവാരം ഉളള ഇന്ത്യന്‍ താരങ്ങളുടെ അഭാവമാണ് വിദേശ താരങ്ങളെ ആശ്രയിക്കാന്‍ ക്ലബുകളെ നിര്‍ബന്ധിതരാക്കുന്നത്.

You Might Also Like