ചിലത് തെളിയ്ക്കണം, ഡികെ മാതൃകയില്‍ തിരിച്ചുവരവിനൊരുങ്ങി ഇന്ത്യന്‍ സൂപ്പര്‍താരം

കുറച്ച് നാളായി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന വീണ്ടും കളിയിലേക്ക് മടങ്ങിയെത്തിയേക്കും. കഴിഞ്ഞ ദിവസം പരിശീലനം പുനരാരംഭിച്ചതിന്റെ വീഡിയോ സുരേഷ് റെയ്‌ന പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് റെയ്‌ന ഇക്കാര്യം ആരാധകരും ആയി പങ്കുവെച്ചത്. ‘ആദ്യ പ്രണയമെന്ന്’ ക്യാപ്ഷനോടെയാണ് റെയ്‌ന ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അടുത്ത മാസം ഇന്ത്യയുടെ അഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ തുടങ്ങാനിരിക്കെയാണ് റെയ്‌ന വീണ്ടും പരിശീലകനം പുനരാരംഭിച്ചിരിക്കുന്നത്. അഭ്യന്തര ക്രിക്കറ്റ് കളിച്ച് ദിനേഷ് കാര്‍ത്തിക് മാതൃകയില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനാണ് റെയ്‌ന ഒരുങ്ങുന്നത്.

നേരത്തെ 2020 ഓഗസ്റ്റ് പതിനഞ്ചാം തീയതി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് റെയ്‌ന വിരമിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ നായകനും അടുത്ത സുഹൃത്തുമായ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു റെയ്‌നയുടേയും അപ്രതീക്ഷിത വിരമിക്കല്‍. അന്താരാഷ്ട്ര തലത്തില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ താരം തുടര്‍ന്നിരുന്നു.

വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് 2020 സീസണ്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറിയ താരം 2021ല്‍ കിരീടം ഉയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഈ സീസണ് പിന്നാലെ ചെന്നൈ റെയ്‌നയെ ഒഴിവാക്കി. കഴിഞ്ഞ സീസണില്‍ ഐപിഎല്‍ ലേലത്തിനുണ്ടായിരുന്നെങ്കിലും ആവശ്യക്കാരില്ലാത്തതിനാല്‍ അണ്‍സോള്‍ഡായി.

 

View this post on Instagram

 

A post shared by Suresh Raina (@sureshraina3)

അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും ഉജ്ജ്വല റെക്കോര്‍ഡുള്ള താരമാണ് മുപ്പത്തിയഞ്ചുകാരനായ സുരേഷ് റെയ്‌ന. ഇന്ത്യക്കായി 226 ഏകദിന മത്സരങ്ങളില്‍ നിന്ന് 5615 റണ്‍സും, 78 ടി20 മത്സരങ്ങളില്‍ നിന്ന് 1604 റണ്‍സും നേടിയിട്ടുള്ള റെയ്‌ന, ടെസ്റ്റ് ക്രിക്കറ്റില്‍ 18 കളികളില്‍ നിന്ന് 768 റണ്‍സാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് റെയ്‌ന. 205 ഐപിഎല്‍ മത്സരങ്ങളില്‍ ജേഴ്‌സിയണിഞ്ഞിട്ടുള്ള താരം 5528 റണ്‍സാണ് ടൂര്‍ണമെന്റില്‍ നേടിയിട്ടുള്ളത്.

You Might Also Like