ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആ ആഡംബരം നിഷേധിക്കപ്പെടുന്നു, പിച്ചിലെ ഭൂതത്തിന് പിന്നില്‍

കെ നന്ദകുമാര്‍പിള്ള

ഒന്നര ദിവസം കൊണ്ട് അവസാനിച്ച ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മാച്ച് ഒട്ടൊന്നുമല്ല വിമര്ശനങ്ങള്‍ ഉയര്‍ത്തി വിട്ടത്. ഇംഗ്ലീഷ്‌കാര്‍ മാത്രമല്ല, മറ്റു രാജ്യക്കാരും, എന്തിന് ഇന്ത്യക്ക് അകത്തു നിന്നുപോലും വിമര്ശനങ്ങള് ഉയര്‍ന്നു. വളരെ കുറച്ച് പേര്‍ മാത്രമേ ഇന്ത്യ അങ്ങനെയൊരു പിച്ച് ഒരുക്കിയത് തെറ്റല്ല എന്ന് അഭിപ്രായപ്പെട്ടുള്ളു. ഞാന്‍ അടക്കമുള്ള ബഹുഭൂരിപക്ഷവും ഇങ്ങനെ പിച്ച് തയ്യാറാക്കി ജയിച്ചതില്‍ സന്തോഷം തോന്നാത്തവരാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം, ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്സ്മാനുമായിരുന്ന മൈക്ക് അതേര്‍ട്ടന്‍ എഴുതിയ ഒരു ലേഖനം ബഹുമാനപ്പെട്ട ശ്രീ. ജോസ് കുരിശിങ്കല്‍ സര്‍(First International Umpire From Kerala) എനിക്ക് അയച്ചു തന്നു. വളരെ വ്യത്യസ്തമായ ഒരു വീക്ഷണം അതില്‍ എനിക്ക് കാണാന്‍ സാധിച്ചു.

ടെസ്റ്റ് ഒന്നര ദിവസം കൊണ്ട് അവസാനിച്ചതില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് വിമര്ശകര് ഉന്നയിക്കുന്നത്. ഒന്നാമത്തേത് മോശമായ പിച്ച്.. രണ്ടാമത്തേത്, പണ്ടത്തെ കളിക്കാരില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ-ഇംഗ്ലണ്ട് കളിക്കാര്‍ക്ക് സ്പിന്നിനെ നേരിടുന്നതില്‍ ഉള്ള കഴിവില്ലായ്മ. ഇതിനൊക്കെ അപ്പുറം മൂന്നാമതൊരു കാരണമാണ് അതേര്‍ട്ടന്‍ മുന്നോട്ട് വെക്കുന്നത്… ബോള്‍ ട്രാക്കിംഗ് ടെക്‌നോളജി.

എന്തുകൊണ്ട് ബോള്‍ ട്രാക്കിംഗ് ടെക്‌നോളജി? കണക്കുകളിലൂടെയാണ് അദ്ദേഹം അത് വിശദീകരിക്കുന്നത്. പണ്ടത്തെ സ്പിന്നേഴ്സിന്റെയും മോഡേണ്‍ ഡേ സ്പിന്നേഴ്സിന്റെയും ടോട്ടല്‍ വിക്കറ്റ് ശേഖരത്തില്‍ എല്‍ബിഡബ്‌ള്യു വിക്കറ്റുകളുടെ എണ്ണത്തില്‍ ഒരുപാട് അന്തരമുണ്ട്. ബേദി, പ്രസന്ന, Emburrey, തുടങ്ങിയ സ്പിന്നേഴ്സിന്റെ എല്‍ബിഡബ്‌ള്യു വിക്കറ്റുകളുടെ ശതമാനം പരമാവധി 12 ആണെങ്കില്‍, രംഗണ ഹെറാത്തിന്റേത് 25 % ആണ്, മറ്റു ബൗളേഴ്സിന്റേത് ശതമാനക്കണക്കില്‍ ഇപ്രകാരമാണ് : അശ്വിന്‍ – 21%, ഗ്രെയിം സ്വാന്‍ – 27%, പനേസര്‍ – 25%, രവീന്ദ്ര ജഡേജ – 20%. (കുംബ്ലെ – 25%, മുരളീധരന്‍ – 18.75%, ഷെയിന്‍ വോണ്‍ – 19%)

ബോള്‍ ട്രാക്കിംഗ് ടെക്‌നോളജി വരുന്നതിനു മുന്‍പ്, ബാറ്റ്‌സ്മാന്‍ ധൈര്യമായി പാഡ് ചെയ്തു കളിച്ചിരുന്നു. ബാറ്റ് പാഡിനോട് ചേര്‍ത്ത് ഡിഫന്‍ഡ് ചെയുമ്പോള്‍, ഫ്രന്റ് ഫൂട്ടില്‍ ആണെങ്കില്‍ അമ്പയര്‍ തീര്‍ച്ചയായും അത് നോട്ട് ഔട്ട് വിളിക്കുകയെ ഉള്ളു. പന്തിന്റെ ലൈന്‍ മിക്കവാറും കണക്കാക്കാറില്ല. വെസ്റ്റ് ഇന്‍ഡീസിന്റെ ജിമ്മി ആഡംസിനു ‘PADAMS ‘ എന്ന് പേര് വന്നത് ഓര്‍ക്കുക.

എന്നാല്‍ ഇന്നത്തെ ബാറ്റ്സ്മാന്‍ ധൈര്യത്തോടെ ആ ഷോട്ട് കളിയ്ക്കാന്‍ ഉള്ള സാഹചര്യമില്ല. ബോള്‍ ട്രാക്കിംഗ് ഉപയോഗിക്കുമ്പോള്‍ ലൈനില്‍ ആണ് പന്ത് പാഡില്‍ തട്ടുന്നതെങ്കില്‍) തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിക്കും(Of course, ball should hit the stumps too.) അതുകൊണ്ട് ബാറ്റ്‌സ്മാന് പാഡ് ചെയുക എന്ന ആഡംബരം നിഷിദ്ദമാണ്. അയാള്‍ക്ക് ആ പന്ത് കളിച്ചേ പറ്റൂ. അഹമ്മദാബാദിലേതു പോലെയുള്ള സ്പിന്‍ ട്രാക്കില്‍ അത്തരം പന്തുകള്‍ കളിക്കുമ്പോള്‍ ഔട്ട് ആകാനുള്ള സാധ്യത പതിന്മടങ്ങു കൂടുതലാണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like